‘ആകാശമിഠായി’ ഇനി ബേപ്പൂരിന്റെ മധുരം; ബഷീര്‍ സ്മാരകം ഈ വര്‍ഷം സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുക്കും

ബേപ്പൂര്‍: വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മയായിട്ട് ജൂലായ് അഞ്ചിന് മുപ്പതുവര്‍ഷം. പണ്ഡിതനെന്നോ പാമരനെന്നോ ഭേദമില്ലാതെ സകലവിഭാഗങ്ങളുടെയും മനസ്സുകളില്‍ ജീവിക്കുന്ന കഥാകാരന്‍, അതാണ് വൈക്കം മുഹമ്മദ് ബഷീര്‍.
ബഷീര്‍ സ്മാരകത്തിന് ആകാശമിഠായിയെന്ന് നാമകരണം ചെയ്തതിന്റെ പിന്നില്‍ ബഷീര്‍ കൃതിയായ ‘പ്രേമലേഖന’മാണ്. ഈ കൃതിയിലെ ഹിന്ദുവായ കേശവന്‍നായരും ക്രിസ്ത്യാനിയായ സാറാമ്മയും പ്രണയബദ്ധരായി വിവാഹിതരായപ്പോള്‍ അവരില്‍ ജനിക്കുന്ന കുട്ടിയുടെ പേര് എന്തിടണമെന്നത് വലിയ പ്രശ്‌നമായി. തര്‍ക്കം മൂത്തപ്പോള്‍ ജാതിയും മതവും നോക്കാതെ ‘ആകാശമിഠായി’ എന്ന് കുട്ടിക്ക് പേരിട്ടു.
പ്രശസ്ത ആര്‍ക്കിടെക്ടായ വിനോദ് സിറിയക് രൂപകല്പനചെയ്ത ‘ആകാശമിഠായി’യില്‍ ഓപ്പണ്‍ തിയേറ്റര്‍, മുതിര്‍ന്നവര്‍ക്കും ചെറുപ്പക്കാര്‍ക്കുമുള്ള വിശ്രമകേന്ദ്രം, മ്യൂസിയം, ശില്പ ഉദ്യാനം, ഗ്രന്ഥാലയം, പൂന്തോട്ടം എന്നിവ ഒരുക്കുന്നുണ്ട്. നേരത്തേ ബേപ്പൂര്‍ കമ്യൂണിറ്റി ഹാളായി പ്രവര്‍ത്തിച്ച കെട്ടിടം പൊളിച്ചാണ് ബഷീര്‍ സ്മാരകനിര്‍മാണം പുരോഗമിക്കുന്നത്.