കേരളത്തിലും വരുന്നു ആ മാറ്റം, യാത്രയ്ക്കിടെ ട്രെയിനുകള്‍ പാളത്തില്‍ നിര്‍ത്തിയിടില്ല

Share our post

ഒന്നര കിലോമീറ്ററോളം വ്യത്യാസത്തില്‍ സിഗ്നല്‍ പോസ്റ്റുകള്‍, അതുവഴി ട്രെയിനുകള്‍ക്ക് ഒന്നിന് പിറകെ ഒന്നായി ഓടാം. സംസ്ഥാനത്ത് റെയില്‍പ്പാതയില്‍ ആദ്യത്തെ ഓട്ടോമാറ്റിക് ബ്ലോക്ക് സിഗ്നലിംഗ് സംവിധാനം (എ.ബി.എസ്.) എറണാകുളം സൗത്ത് – വള്ളത്തോള്‍ നഗര്‍ സ്റ്റേഷനുകള്‍ക്കിടയില്‍ പൂര്‍ത്തിയായാല്‍ ഇനി ട്രെയിനുകള്‍ നിറുത്തിയിടേണ്ടി വരില്ല.

കെ റെയിലും റെയില്‍ വികാസ് നിഗവും ചേര്‍ന്നുള്ള സംയുക്തസംരംഭമാണ് കഴിഞ്ഞദിവസം ഇതിനുളള കരാര്‍ സ്വന്തമാക്കിയത്. മഴക്കാലം കഴിയുന്നതോടെ നിര്‍മ്മാണപ്രവര്‍ത്തനം തുടങ്ങും.സംവിധാനം നിലവില്‍ വരുന്നതോടെ പാതയിലൂടെ കടന്നുപോകുന്ന സര്‍വീസുകളുടെ ഇടവേള കുറയും. കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാനാകും. പാതയുടെ ശേഷി മൂന്നിരട്ടിയോളം കൂടും. നിലവിലുള്ളത് ആബ്സൊല്യൂട്ട് ബ്ളോക്ക് സിഗ്നലാണ്. ആദ്യം പോകുന്ന ട്രെയിന്‍ അടുത്ത സ്റ്റേഷനില്‍ എത്തിയാലാണ് പിന്നാലെ വരുന്ന ട്രെയിനിനെ കടത്തിവിടുക. അതുവരെ പിടിച്ചിടും. കേരളത്തില്‍ ഏറെ ഗതാഗതത്തിരക്കുള്ളതാണ് എറണാകുളം ഷൊര്‍ണ്ണൂര്‍ മേഖല.

കൂടുതല്‍ പാതകള്‍ വരുമോ

എറണാകുളം ഷൊര്‍ണ്ണൂര്‍ മേഖലയില്‍, റെയില്‍വേ വികസനത്തിന്റെ അടുത്ത പടിയായ മൂന്നും നാലും പാതകള്‍ നിര്‍മ്മിക്കാനുള്ള നടപടികള്‍ ഇതോടൊപ്പം റെയില്‍വേ ഊര്‍ജ്ജിതമായി മുന്നോട്ട് കൊണ്ടുപോകുമെന്നാണ് പ്രതീക്ഷ. ഘട്ടം ഘട്ടമായി, മുന്‍ഗണനാടിസ്ഥാനത്തില്‍ കേരളത്തിലെ മറ്റിടങ്ങളിലും ഓട്ടോമാറ്റിക് സിഗ്നല്‍ സംവിധാനം നിലവില്‍ വരണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

മറ്റ് പാതകളിലേക്കും

കെ.റെയില്‍ – ആര്‍.വി.എന്‍.എല്‍. സഖ്യം ഏറ്റെടുക്കുന്ന മൂന്നാമത്തെ പ്രധാന പദ്ധതി
തിരക്കേറിയ കായംകുളം – തിരുവനന്തപുരം പാതയിലേക്കും ഉടന്‍ സംവിധാനം വന്നേക്കും
ട്രെയിനുകള്‍ പാതയിലൂടെ കടന്നുപോകുന്നതനുസരിച്ച് മാത്രമേ സിഗ്നല്‍ പ്രവര്‍ത്തിക്കൂ.
നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായി സര്‍വേ നടത്തി സാദ്ധ്യതാപഠനം
ഉദ്യോഗസ്ഥര്‍ക്ക് പണി അല്‍പ്പം കുറയുമെങ്കിലും ശ്രദ്ധയും ജാഗ്രതയും കൂടുതല്‍ വേണം

നിര്‍മ്മാണച്ചെലവ്: 156.47 കോടി രൂപ

ദൂരം: 102.74കി.മീറ്റര്‍

നിര്‍മ്മാണകാലാവധി: 750 ദിവസം

റെയില്‍വേ മേഖലയില്‍ ഇരട്ടപ്പാതയ്ക്കും വൈദ്യുതീകരണത്തിനും പിന്നാലെ സ്വാഭാവികമായി നടക്കേണ്ട വികസനമാണ് ഓട്ടോമാറ്റിക് സിഗ്നല്‍ സംവിധാനം. നിലവിലുള്ള സൗകര്യങ്ങളിലൂടെ പരമാവധി വണ്ടികള്‍ ഓടിക്കാന്‍ മറ്റൊരു വഴിയില്ല. കെ- റെയിലിന് കിട്ടുന്ന പ്രധാനപ്പെട്ടൊരു കരാറാണ് ഇത്. സില്‍വര്‍ലൈനിനായി മാത്രം വാശിപിടിക്കാതെ, കേരളത്തില്‍ നിലവിലുള്ള റെയില്‍വേ അടിസ്ഥാന സൗകര്യം വികസിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഇത്തരം പദ്ധതികള്‍ ചൂണ്ടിക്കാണിക്കാനും ഏറ്റെടുക്കാനും കെ. റെയിലിന് കഴിയേണ്ടതുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!