തപാൽ വഴിയുള്ള പെൻഷൻ വൈകും

തിരുവനന്തപുരം : ട്രഷറി വകുപ്പ് തപാൽ ഓഫീസുകൾ വഴി മണിയോർഡറായി വിതരണംചെയ്യുന്ന പെൻഷൻ വിതരണത്തിൽ താമസം നേരിടുമെന്ന് ട്രഷറി അധികൃതർ. ജൂലൈ മാസത്തിലെ പെൻഷൻ വിതരണമാണ് വൈകുക. ബാങ്ക്, ട്രഷറി അക്കൗണ്ടുകളിൽനിന്ന് നേരിട്ട് കൈപ്പറ്റാത്ത മൂന്ന് ലക്ഷത്തിലേറെ ഗുണഭോക്താക്കൾക്കുള്ള പെൻഷൻ തുക എസ്.ബി.ഐ.യിലെ തപാൽ വകുപ്പിന്റെ അക്കൗണ്ടിലേക്ക് ജൂൺ 25ന് ട്രഷറി വകുപ്പ് അയച്ചിരുന്നു. എന്നാൽ തപാൽ വകുപ്പിന്റെ അക്കൗണ്ടുകളിൽ കേന്ദ്രസർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ പെൻഷൻകാർക്ക് മണിഓർഡറായി അയക്കാൻ കഴിയാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് അറിയുന്നത്.
എസ്.ബി.ഐ.യിൽനിന്ന് ചെക്ക് വഴി തപാൽ വകുപ്പിന് പണം കൈമാറാനും അതുപയോഗിച്ച് മണിഓർഡറായി പെൻഷൻ അയക്കാൻ കഴിയുമോ എന്നതും ട്രഷറി വകുപ്പ് പരിശോധിക്കുന്നുണ്ട്. പ്രാഥമികമായി തിരുവനന്തപുരം ജില്ലയിലും വിജയിച്ചാൽ മറ്റു ജില്ലയിൽ കൂടി വ്യാപിപ്പിക്കാനുമാണ് ആലോചന.