പരശുറാം എക്സ്പ്രസ് കന്യാകുമാരിയിലേക്ക് നീട്ടി

കണ്ണൂർ : മംഗലാപുരം – നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ് ഇന്ന് മുതല്‍ സര്‍വീസ് കന്യാകുമാരി വരെ നീട്ടി. രണ്ട് കോച്ചുകള്‍ അധികമായി ഘടിപ്പിച്ച് കൊണ്ടാണ് മാറ്റം. നാഗര്‍കോവില്‍ ജങ്ഷന്‍ പണി നടക്കുന്നത് കൊണ്ടാണ് മാറ്റമെന്നാണ് റെയില്‍വെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്. ഇത് താത്കാലികമാണെന്ന് പറയുന്നുണ്ടെങ്കിലും എത്ര നാള്‍ ഈ സര്‍വീസ് നീളുമെന്ന് വ്യക്തമാക്കിയിട്ടില്ല. ബുധനാഴ്‌ച മുതൽ പ്രാബല്യത്തിലാകും
ഇന്ന് മംഗലാപുരത്ത് നിന്ന് സര്‍വീസ് ആരംഭിക്കുന്ന പരശുറാം എക്സ്പ്രസ് (16649) രാത്രി 9.15ന് കന്യാകുമാരിയിലെത്തും. വ്യാഴാഴ്‌ച മുതല്‍ പുലര്‍ച്ചെ 3.45ന് ട്രെയിൻ (16650) കന്യാകുമാരിയില്‍ നിന്ന് സര്‍വീസ് ആരംഭിക്കും. നാഗർകോവിൽ ജങ്ഷനിൽ രാവിലെ 4.05ന് എത്തി 4.10ന് പുറപ്പെടും. മംഗളൂരു സെൻട്രലിൽ രാത്രി 9.10ന് എത്തും. മറ്റ് സ്‌റ്റേഷനിൽ എത്തുന്ന സമയത്തിൽ മാറ്റമില്ല.
ട്രെയിനില്‍ ഉള്‍പ്പെടുത്തിയ അധിക രണ്ട് കോച്ചുകളും ജനറല്‍ കോച്ചുകളാണ്. ഇതടക്കം 16 ജനറല്‍ കോച്ചുകളും മൂന്ന് സെക്കൻ്റ് ക്ലാസ് ചെയര്‍ കാര്‍ കോച്ചുകളും രണ്ട് എ.സി ചെയര്‍ കാറുകളും രണ്ട് ദിവ്യാങ്ജൻ സൗഹൃദ കോച്ചുകളും ട്രെയിനിലുണ്ടാകും.