ഐ.എ.എസ് ഉദ്യോഗസ്ഥ തലത്തിൽ അഴിച്ചുപണി; മേഘശ്രീ വയനാട് കളക്‌ടർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഐ.എ.എസ് ഉദ്യോഗസ്ഥ തലത്തിൽ അഴിച്ചുപണി. കര്‍ണാടക സ്വദേശിയായ ഡി.ആര്‍. മേഘശ്രീ വയനാട് കളക്ടര്‍ ആയി ചുമതലയേൽക്കും. നേരത്തെ ചുമതലയിലുണ്ടായിരുന്ന രേണു രാജിനെ എസ്.ടി വകുപ്പ് ഡയറക്ടറായി സ്ഥലം മാറ്റി. വയനാട് ജില്ലയിലെ വന്യമൃഗ ശല്യത്തിന് പരിഹാരം കാണാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് ഡി.ആര്‍. മേഘശ്രീയെ വയനാട്ടിൽ നിയമിച്ചിരിക്കുന്നത്.
ഫിഷറീസ് വകുപ്പ് ഡയറക്ടറായിരുന്ന അഥീല അബ്ദുളയെ കൃഷി വകുപ്പ് ഡയറക്ടറായും റവന്യു വകുപ്പ് അഡിഷണൽ സെക്രട്ടറിയായിരുന്ന ബി. അബ്ദുൾ നാസറിനെ ഫിഷറീസ് വകുപ്പ് ഡയറക്ടറായും നിയമിച്ചു. ട്രൈബൽ റീസെറ്റിൽമെൻ്റ് ആൻഡ് ഡെവലപ്മെൻ്റ് മിഷൻ മേധാവിയുടെയും സ്പെഷ്യൽ ഓഫീസറിന്റെയും ചുമതല കൂടി രേണു രാജിന് നൽകിയിട്ടുണ്ട്. മാനന്തവാടി എം.എൽ.എ ഒ.ആർ. കേളു സംസ്ഥാന മന്ത്രിസഭയിൽ അംഗമായതിന് പിന്നാലെയാണ് സ്ഥലം മാറ്റം.