റബ്ബറിന് മരുന്നടിക്കാനും ഡ്രോൺ

റബ്ബർ എസ്റ്റേറ്റുകളിൽ ഏറെക്കാലമായി മുടങ്ങിയിരുന്ന തുരിശടി ഡ്രോൺ സഹായത്തോടെ പുനരാരംഭിച്ചു. ഹാരിസൺ മലയാളം എസ്റ്റേറ്റിന്റെ വെള്ളനാടി ഒന്നാം ഡിവിഷനിലാണ് ഡ്രോൺ ഉപയോഗിച്ചുള്ള തുരിശടി ആരംഭിച്ചത്. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് ഡ്രോണുകളെ എത്തിച്ചത്. 30 ലിറ്റർ മരുന്ന് സംഭരണശേഷി ഉള്ളവയാണ് ഓരോന്നും. 10 മിനിറ്റുകൊണ്ട് 1.5 ഹെക്ടർ (3.7 ഏക്കർ) സ്ഥലത്തെ റബ്ബർ മരങ്ങളിൽ മരുന്ന് തളിക്കാം.
നേരത്തെ ഹെലിക്കോപ്റ്റർ ഉപയോഗിച്ച് തുരിശടി നടത്തിയിരുന്നു. എന്നാൽ, റബ്ബറിന് വില കുറയുകയും ഹെലിക്കോപ്റ്റർ ഉപയോഗിച്ചുള്ള ജോലിക്ക് ചെലവേറുകയും ചെയ്തതോടെ തൊഴിലാളികളെ ഉപയോഗിച്ചാണ് ജോലി ചെയ്തിരുന്നത്. ഇത് സമയ ദൈർഘ്യം കൂട്ടുന്നതുകൊണ്ടും എല്ലാ സ്ഥലത്തും പമ്പും അനുബന്ധ ഉപകരണങ്ങളും എത്തിക്കുക പ്രയാസമായതുകൊണ്ടും തൊഴിലാളികളെ ഉപയോഗിച്ചുള്ള ജോലിയും നിർത്തി. നെൽകൃഷിക്കും മാവിൻതോട്ടങ്ങളിലും ഡ്രോൺ ഉപയോഗിച്ച് മരുന്ന് പ്രയോഗം നടത്താറുണ്ടെങ്കിലും ആദ്യമായാണ് റബ്ബർ തോട്ടങ്ങളിൽ ഡ്രോണുകളെ ഉപയോഗിക്കുന്നത്.