അച്ഛനും സുഹൃത്തുക്കളും പതിമൂന്നുകാരിയെ പീഡിപ്പിച്ചെന്ന് പരാതി

കൊച്ചി: ആലുവയിൽ അമ്മൂമ്മയുടെ ഒത്താശയിൽ അച്ഛനും സുഹൃത്തുക്കളും പതിമൂന്നുകാരിയെ പീഡിപ്പിച്ചതായി പരാതി. കഴിഞ്ഞ ആഗസ്‌തിൽ വീട്ടിൽ പൂജയ്ക്കിടെ നടന്ന ലൈംഗികപീഡനത്തിൽ കുട്ടിയുടെ അമ്മയുടെ സുഹൃത്തായ യുവതിയും മധ്യവയസ്കരായ മൂന്നു പുരുഷന്മാരും പങ്കാളികളാണെന്ന് ബാലിക മൊഴിനൽകി. പോക്സോ വകുപ്പുകളടക്കം ചുമത്തി ബിനാനിപുരം പൊലീസ് കേസെടുത്തിരുന്നു. എന്നാൽ, പരാതി വ്യാജമെന്ന നിലപാടിലാണ് പൊലീസ് പെരുമാറുന്നതെന്ന് കുട്ടിയുടെ അമ്മ പരാതിപ്പെട്ടു. മകൾക്ക് മാനസികപ്രശ്നങ്ങളാണെന്നു പറഞ്ഞ് ബിനാനിപുരം സി.ഐ അധിക്ഷേപിച്ചെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
സ്‌കൂളിൽ നടന്ന പോക്‌സോ ബോധവൽക്കരണത്തിലാണ് കുട്ടി കാര്യങ്ങൾ വെളിപ്പെടുത്തിയത്. സംഭവം നടക്കുമ്പോൾ കിഴക്കെ കടുങ്ങല്ലൂരിൽ വാടകയ്‌ക്ക് താമസിക്കുകയായിരുന്നു കുട്ടിയുടെ കുടുംബം. ജൂൺ 20ന് അമ്മ ബിനാനിപുരം പൊലീസിൽ പരാതി നൽകി. അമ്മൂമ്മയുടെ സഹായത്തോടെ ഭർത്താവ് മകളെ പീഡിപ്പിച്ചെന്നാണ് പരാതിയിലുള്ളത്. അടുപ്പക്കാരായ മൂന്നുപേർ അച്ഛന്റെയും അമ്മൂമ്മയുടെയും അറിവോടെ പീഡിപ്പിച്ചെന്നും പരാതിയിലുണ്ട്. അമ്മയില്ലാത്ത സമയത്ത് വീട്ടിൽ അമ്മൂമ്മയുടെയും അച്ഛന്റെയും നേതൃത്വത്തിൽ പൂജയും ലൈംഗികവൈകൃതങ്ങളും നടന്നതായും കുട്ടിയുടെ മൊഴിയിലുണ്ട്.
ആറുപേരെ പ്രതികളാക്കി പോക്സോ വകുപ്പുകൾ ചുമത്തി ബിനാനിപുരം പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ പ്രഥമവിവര റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. വൈദ്യപരിശോധനയ്ക്കുശേഷം കുട്ടിയുടെ രഹസ്യമൊഴിയും മജിസ്ട്രേട്ട് രേഖപ്പെടുത്തി. എന്നാൽ, അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽത്തന്നെ ബിനാനിപുരം സിഐ കുട്ടിയെ സംശയത്തിന്റെ നിഴലിൽ നിർത്തുകയാണെന്ന് അമ്മ പരാതിപ്പെടുന്നു. പ്രതികൾ പുറത്തുള്ളതിനാൽ കുട്ടിയുടെ സുരക്ഷയിലടക്കം ആശങ്കയുണ്ട്. കഴിഞ്ഞദിവസം കുട്ടിയെ അന്വേഷിച്ച് അച്ഛൻ സ്കൂളിലെത്തിയിരുന്നു. യൂണിഫോമിലെത്തി പൊതുസ്ഥലത്തുവച്ച് കുട്ടിയെ സി.ഐ ചോദ്യംചെയ്‌തെന്നും അമ്മ പറയുന്നു. സുഹൃത്തിന്റെ വീട്ടിലാണ് മകളുമായി ഇപ്പോൾ ഇവർ കഴിയുന്നത്.