സാഹിത്യനഗര പദവി: ലോകമേ ഇതാ കോഴിക്കോട്

കോഴിക്കോട് : സാഹിത്യനഗര പദവിയുടെ അഴകാേടെ യുനെസ്‌കോ ക്രിയേറ്റീവ് സിറ്റീസ് നെറ്റ്‌വർക്കിന്റെ ബ്രാഗാ സമ്മേളനത്തിൽ തലയുയർത്തി കോഴിക്കോട്. സമ്മേളനത്തിന്റെ ആദ്യദിനം പോർച്ചുഗൽ ബ്രാഗായിലെ വേദിയിൽ കോഴിക്കോട് എന്ന പേരുയർന്നപ്പോൾ പിറന്നത് പുതുചരിത്രം. വായനയെയും സാഹിത്യത്തെയും നെഞ്ചേറ്റുന്ന നഗരം, അക്ഷരങ്ങളാൽ ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തപ്പെട്ട നിമിഷം.
കോഴിക്കോടിന് സാഹിത്യനഗര പദവി കൈമാറുന്ന യു.സി.സി.എൻ (യുനെസ്‌കോ ക്രിയേറ്റീവ് സിറ്റീസ് നെറ്റ്‌വർക്ക്) വാർഷിക സമ്മേളനത്തിന് പോർച്ചുഗലിൽ തിങ്കളാഴ്‌ചയാണ് തുടക്കമായത്. കോഴിക്കോടിനെ പ്രതിനിധീകരിച്ച് മേയർ ഡോ. ബീന ഫിലിപ്പ്, സെക്രട്ടറി കെ.യു. ബിനി എന്നിവരാണ് പങ്കെടുത്തത്. ‘പുതിയ ദശാബ്ദത്തിലേക്ക് യുവജനങ്ങളെ സജ്ജരാക്കാം’ എന്ന പ്രമേയത്തോടെയാണ് പരിപാടി. രാവിലെ ക്രിയേറ്റീവ് നെറ്റ്‌വർക്കിൽ പുതുതായി അംഗത്വം ലഭിച്ച കോഴിക്കോട് ഉൾപ്പെടെയുള്ള നഗരങ്ങളെ സ്വാഗതം ചെയ്യുന്ന സംയുക്ത ചടങ്ങാണ് നടന്നത്.
യു.സി.സി.എൻ പദവി നേടിയവരെ ഉൾപ്പെടുത്തിയുള്ള പരിപാടിയിൽ ബന്ധപ്പെട്ട നഗര പ്രതിനിധികൾ പങ്കെടുത്തു. നടപ്പാക്കിയതും ആസൂത്രണം ചെയ്യുന്നതുമായ പദ്ധതികളുടെ റിപ്പോർട്ട് അവതരണവുമുണ്ടായി. വൈകിട്ട് കലാപരിപാടികൾ നടന്നു. ചൊവ്വ വൈകിട്ട് പുതുതായി പദവി ലഭിച്ച നഗര പ്രതിനിധികളുടെ സമ്മേളനം നടക്കും. ഇവർ അതത് നഗരങ്ങളുടെ പ്രത്യേകതകളും നേട്ടങ്ങളും അവതരിപ്പിക്കും. പദവി നൽകുന്നതിന്റെ ഭാഗമായി സർട്ടിഫിക്കറ്റ് കൈമാറ്റവും ചൊവ്വാഴ്‌ച ഉണ്ടായേക്കും. ചടങ്ങിൽ മേയർ ബീനാഫിലിപ്പ് സംസാരിക്കും.