Connect with us

Kerala

വീണ്ടും കാറിന്‍റെ ഡോറിലിരുന്ന് യാത്ര; വാഹനം പിടികൂടി മോട്ടോർ വാഹന വകുപ്പ്

Published

on

Share our post

ഇടുക്കി: മൂന്നാർ ഗ്യാപ്പ് റോഡിൽ അഭ്യാസ പ്രകടനം നടത്തിയ തെലങ്കാന രജിസ്ട്രേഷൻ വാഹനം മോട്ടോർ വാഹനവകുപ്പ് പിടികൂടി. കാറിന്റെ ഡോറിലിരുന്ന് സാഹസിക യാത്ര നടത്തിയായിരുന്നു യുവാവിന്റെ അഭ്യാസം. രാവിലെ 7.45 ഓടുകൂടി ഗ്യാപ്പ് റോഡ് പെരിയക്കനാൽ ഭാഗത്തായിരുന്നു സംഭവം. തെലങ്കാനിൽ നിന്നും മൂന്നാർ സന്ദർശനത്തിന് എത്തിയ യുവാക്കളാണ് അഭ്യാസപ്രകടനം നടത്തിയത്. മൂന്ന് യുവാക്കളാണ് കാറിലുണ്ടായിരുന്നത്. ദേവികുളത്ത് വെച്ചാണ് മോട്ടോർ വാഹന വകുപ്പ് വാഹനം പിടികൂടിയത്.


Share our post

Kerala

എം.ഡി.എം.എയുമായി മൂന്നുപേര്‍ പിടിയില്‍, രണ്ടിടങ്ങളില്‍ നിന്നായി കണ്ടെടുത്തത് 50.950 ഗ്രാം

Published

on

Share our post

കോഴിക്കോട്: നഗരത്തില്‍ രണ്ടിടങ്ങളില്‍നിന്നായി എംഡിഎംഎയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍.അരക്കിണര്‍ ചാക്കിരിക്കാട് പറമ്പ് കെ.പി. ഹൗസില്‍ മുനാഫിസ് (29), തൃശ്ശൂര്‍ ചേലക്കര അന്ത്രോട്ടില്‍ ഹൗസില്‍ ധനൂപ് എ.കെ. (26), ആലപ്പുഴ സ്വദേശി തുണ്ടോളി പാലിയ്യത്തയ്യില്‍ ഹൗസില്‍ അതുല്യ റോബിന്‍ (24) എന്നിവരെയാണ് പിടികൂടിയത്. ഇവരില്‍നിന്ന് 50.950 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു.മാവൂര്‍റോഡ് മൃഗാശുപത്രിക്കുസമീപമുള്ള റോഡില്‍നിന്നാണ് 14.950 ഗ്രാം എം.ഡി.എം.എ.യുമായി മുനാഫിസിനെ പിടികൂടുന്നത്. ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.എം.ടെക്. വിദ്യാര്‍ഥിയായ മുനാഫിസ് ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരിമാഫിയസംഘത്തിലെ മുഖ്യകണ്ണിയാണ്. 700 ഗ്രാം എം.ഡി.എം.എ.യുമായി പിടിച്ചതിന് ഇയാള്‍ക്ക് ബെംഗളൂരുവിലും ഹാഷിഷുമായി പിടിയിലായതിന് ദുബായിലും കേസുണ്ട്.നാലരവര്‍ഷം ദുബായ് ജയിലിലും എട്ടുമാസം ബെംഗളൂരു ജയിലിലും കഴിഞ്ഞതാണ്. ടോണി എന്നപേരിലാണ് ഇയാള്‍ ബെംഗളൂരുവിലെ ലഹരിക്കച്ചവടക്കാര്‍ക്കിടയില്‍ അറിയപ്പെടുന്നത്. ഏഴ് ഭാഷ സംസാരിക്കുന്ന മുനാഫിസ് ഏതുനാട്ടുകാരനാണെന്ന് പിടികൊടുക്കാതെയാണ് അവിടെ കഴിഞ്ഞത്.

ധനൂപിനെയും അതുല്യയെയും കോഴിക്കോട് അരയിടത്തുപാലം ഭാഗത്തെ സ്വകാര്യലോഡ്ജില്‍നിന്നാണ് 36 ഗ്രാം എം.ഡി.എം.എ.യുമായി പിടികൂടുന്നത്.
ബെംഗളൂരുവില്‍നിന്നാണ് ഇവര്‍ എം.ഡി.എം.എ. കൊണ്ടുവന്നത്. മുന്‍പും അതുല്യ കോഴിക്കോട് ഭാഗങ്ങളിലേക്ക് ലഹരിമരുന്നിന്റെ കാരിയറായി എത്തിയതായുള്ള സൂചനയില്‍ ഡാന്‍സാഫ് ടീം നിരീക്ഷണം നടത്തിവരുകയായിരുന്നു. കഞ്ചാവുമായി പിടിയിലായി രണ്ടുമാസംമുന്‍പാണ് ധനൂപ് ജയിലില്‍നിന്നിറങ്ങിയത്.പിടിയിലായ മൂന്നുപേരും ലഹരി ഉപയോഗിക്കുന്നവരാണ്. ഇവര്‍ ആര്‍ക്കൊക്കെയാണ് ഇവിടെ ലഹരിമരുന്നു കച്ചവടം ചെയ്യുന്നതെന്നും ആരൊക്കെയാണ് ഇവരുടെ ബെംഗളൂരുവിലെ ലഹരിമാഫിയസംഘത്തിലെ കൂട്ടാളികളെന്നും വിശദമായി പരിശോധിക്കുമെന്ന് നാര്‍ക്കോട്ടിക് സെല്‍ അസി. കമ്മിഷണര്‍ കെ.എ. ബോസ് പറഞ്ഞു.നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫും സബ് ഇന്‍സ്‌പെക്ടര്‍മാരായ എന്‍. ലീല, സാബുനാഥ് എന്നിവരുടെ നേതൃത്വത്തിലുള്ള നടക്കാവ് പോലീസും ചേര്‍ന്നാണ് മൂവരെയും പിടികൂടിയത്.


Share our post
Continue Reading

Kerala

വേനലിനെ കൂളായി നേരിടാം: കുപ്പിവെള്ളം വാങ്ങുമ്പോൾ ശ്രദ്ധിക്കാം, രോഗങ്ങളെ അകറ്റി നിർത്തണം

Published

on

Share our post

ചൂട് കാലമായതിനാൽ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണമെന്നാണ് ആരോഗ്യ പ്രവർത്തകരുടെ നിർദേശം. യാത്രക്കിടയിലും ജോലിക്കിടയിലും സുരക്ഷിതമല്ലാത്ത വെള്ളം കുടിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങൾക്കു കാരണമാകും. ഇതിന്റെ ഭാഗമായി കുപ്പി വെള്ളത്തിന്റെ ഉൾപ്പെടെ നിലവാരവും സുരക്ഷയും ഉറപ്പ് വരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.

കുപ്പിവെള്ളം വാങ്ങുമ്പോൾ ശ്രദ്ധിക്കാം

  • കടകളിൽ വെയിലേൽക്കുന്ന രീതിയിൽ കുപ്പിവെള്ളമോ ശീതള പാനീയങ്ങളോ സൂക്ഷിക്കാതിരിക്കുക. അത്തരം പാനീയങ്ങൾ വാങ്ങാതിരിക്കുക. ഇത്തരം കുപ്പികളിലെ വെള്ളവും പാനീയങ്ങളും കുടിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകും.
  • കുടിവെള്ളം, മറ്റ് ശീതള പാനീയങ്ങൾ നിറച്ച പ്ലാസ്റ്റിക് കുപ്പികൾ എന്നിവ വെയിലേൽക്കുന്ന രീതിയിൽ കടകളിൽ തൂക്കിയിടാനും വെയിലേൽക്കുന്ന രീതിയിൽ വാഹനങ്ങളിൽ വിതരണത്തിനായി കൊണ്ടുപോകാനും പാടില്ല.
  • കുപ്പിവെള്ളത്തിൽ ഐ.എസ്.ഐ.മുദ്ര ഉണ്ടോ എന്ന് ഉറപ്പുവരുത്താം
  • പ്ലാസ്റ്റിക് ബോട്ടിലിന്റെ സീൽ പൊട്ടിച്ചിട്ടില്ലെന്ന് ഉറപ്പാക്കാം
  • കുപ്പിയുടെ അടപ്പിലെ സീൽ പൊട്ടിയ നിലയിലുള്ള കുടിവെള്ളം ഉപയോഗിക്കാതിരിക്കുക.
  • വലിയ കാനുകളിൽ വരുന്ന കുടിവെള്ളത്തിനും സീൽ ഉള്ളതാണെന്ന് ഉറപ്പുവരുത്തുക.

രോഗങ്ങളെ അകറ്റി നിർത്തണം

  • വേനൽക്കാലത്ത് ഏറ്റവും അപകടമാകുന്നത് ജ്യൂസിൽ ഉപയോഗിക്കുന്ന ഐസാണ്. മലിനമായ വെള്ളത്തിൽ നിന്നുണ്ടാക്കുന്ന ഐസ് കാരണം പല രോഗങ്ങളും ഉണ്ടാകാം. കടകളിലും പാതയോരങ്ങളിൽ നിന്നും ജ്യൂസ് കുടിക്കുന്നവർ ഐസ് ശുദ്ധജലത്തിൽനിന്ന് ഉണ്ടാക്കിയതാണെന്ന് ഉറപ്പ് വരുത്തണം. അല്ലെങ്കിൽ ഐസ് ഒഴിവാക്കാം
  • ആഹാരസാധനങ്ങൾ ചൂടുകാലത്ത് പെട്ടെന്ന് കേടാകും. അതിനാൽ ഭക്ഷണ പാഴ്സലിൽ തീയതിയും സമയവും രേഖപ്പെടുത്തിയ സ്റ്റിക്കറും പതിപ്പിച്ചുണ്ടോയെന്ന് ശ്രദ്ധിക്കാം. നിശ്ചിതസമയം കഴിഞ്ഞഭക്ഷണം കഴിക്കരുത്.
  • ഭക്ഷണവും വെള്ളവും അടച്ച് സൂക്ഷിക്കണം. അംഗീകൃതമല്ലാത്തതും വ്യാജവുമായ കുപ്പിവെള്ളം വിറ്റാൽ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കർശന നടപടി സ്വീകരിക്കും.

Share our post
Continue Reading

Kerala

‘ഇനി ജീവന്‍ പണയംവെച്ച് താമസിക്കാനില്ല’; വയനാട് പടവെട്ടിക്കുന്ന് നിവാസികള്‍ സമരത്തിലേക്ക്

Published

on

Share our post

കല്പറ്റ: ”ദിവസവേതനത്തില്‍ ജീവിതം മുന്‍പോട്ടുകൊണ്ടുപോകുന്നവരാണ് ഞങ്ങള്‍. വികസനത്തിനും ടൂറിസത്തിനുമൊന്നും എതിരല്ല. ഞങ്ങള്‍ക്കു വലുത് ഞങ്ങളുടെ കുട്ടികളുടെ ഭാവിയും മാതാപിതാക്കളുടെ സംരക്ഷണവുമാണ്. ഞങ്ങളെയും പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം” – ചൂരല്‍മല സ്‌കൂള്‍റോഡിലെ പടവെട്ടിക്കുന്ന് ഭാഗത്ത് താമസിക്കുന്ന കുടുംബങ്ങളുടെ ആവശ്യമാണിത്.ആര്‍ത്തിരമ്പിവന്ന ഉരുള്‍ദുരന്തത്തെ മുഖാമുഖം കണ്ട് ഭീതിയില്‍ കഴിയുന്നവര്‍ ‘ഇനി ജീവന്‍ പണയംവെച്ച് താമസിക്കാനില്ല’ എന്നാണ് പറയുന്നത്. മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള ഗുണഭോക്തൃപട്ടികയില്‍ പടവെട്ടിക്കുന്നില്‍ താമസിക്കുന്ന 27 കുടുംബങ്ങളെയും ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം. നിലവില്‍ അപകടസാധ്യതയുള്ള പ്രദേശത്താണ് ഈ കുടുംബങ്ങള്‍ കഴിയുന്നത്.

ദുരന്തബാധിതരുടെ പുനരധിവാസത്തില്‍ അപകടസാധ്യതയുള്ള പ്രദേശത്തെ കുടുംബങ്ങളെയും ഉള്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ മുന്‍പ് പ്രഖ്യാപിച്ചിട്ടുള്ളതാണ്. ദുരന്തമേഖലയില്‍ റവന്യുമന്ത്രി കെ. രാജനും പടവെട്ടിക്കുന്ന് വാസയോഗ്യമല്ലെന്നും ഇവിടെയുള്ള കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുമെന്നും വാഗ്ദാനം നല്‍കിയിരുന്നു. ദുരന്തസാധ്യതാ പ്രദേശമായിട്ടും ചൂരല്‍മല ദുരന്തബാധിതര്‍ക്കായുള്ള ടൗണ്‍ഷിപ്പ് പദ്ധതിയില്‍നിന്ന് പടവെട്ടിക്കുന്ന് പ്രദേശത്തെ കുടുംബങ്ങളെ ഒഴിവാക്കിയിരിക്കുകയാണ്.”മലവെള്ളപ്പാച്ചില്‍ കണ്‍മുന്നില്‍ നില്‍പ്പുണ്ട്. ഉറക്കംനഷ്ടപ്പെട്ട രാത്രികളാണ് ഇപ്പോഴുള്ളത്. മക്കളുടെ ഭാവി, മാതാപിതാക്കളുടെ ചികിത്സ എല്ലാം ഞങ്ങള്‍ക്കു മുന്‍പിലുണ്ട്. തിരിച്ചുപോകേണ്ടിവന്നാല്‍ കുട്ടികളുടെ പഠനം ഉള്‍പ്പെടെ പ്രതിസന്ധിയിലാകും” – പടവെട്ടിക്കുന്ന് സ്വദേശിയായ സി.എം. യൂനസ് പറഞ്ഞു. ഞങ്ങളെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ എന്തിനാണ് മടികാണിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

ഭയമില്ലാതെ ജീവിക്കണം

ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതി റിപ്പോര്‍ട്ടിലെ നോ ഗോ സോണില്‍നിന്ന് 50 മീറ്റര്‍ പരിധിയിലെ വീടുകളെ പരിഗണിച്ച രണ്ടാംഘട്ട ബി പട്ടികയില്‍ പടവെട്ടിക്കുന്ന് പ്രദേശത്തെ 30 വീടുകളില്‍ മൂന്നുവീടാണ് ആകെ ഉള്‍പ്പെട്ടത്. ബാക്കിയുള്ള കുടുംബങ്ങള്‍ക്ക് വീടുകളിലെത്താനുള്ള റോഡ് പൂര്‍ണമായും നോ ഗോ സോണായി അടയാളപ്പെടുത്തി. അധികൃതര്‍ ഈ പ്രദേശം സന്ദര്‍ശിക്കുകയോ പരിശോധിക്കുകയോ ചെയ്യാതെയാണ് സുരക്ഷിത മേഖലയില്‍ ഉള്‍പ്പെടുത്തിയതെന്ന് അബ്ദുള്‍ റഫീക്ക് ആരോപിച്ചു.”പുനരധിവാസവുമായി ബന്ധപ്പെട്ട് ഒരുപാടുതവണ കളക്ടറേറ്റില്‍ കയറിയിറങ്ങിയിട്ടുണ്ട്. ഒരു വലിയ ദുരന്തത്തെ ഞങ്ങള്‍ നേരിട്ടു. ഇനിയൊരു ദുരന്തം താങ്ങാനുള്ള ശേഷിയില്ല -അബ്ദുള്‍ റഫീക്ക് പറഞ്ഞു.

വന്യമൃഗശല്യം രൂക്ഷം

ദുരന്തത്തിനുശേഷം ആള്‍ത്താമസമില്ലാതെ വന്നതിനാല്‍ പ്രദേശത്ത് കാട്ടാന ഉള്‍പ്പെടെയുള്ള വന്യമൃഗശല്യം രൂക്ഷമാണ്. മിക്ക കൃഷിയിടങ്ങളിലും കാട്ടാനകള്‍ വ്യാപകനാശം വരുത്തിയിട്ടുണ്ട്. ”പടവെട്ടിക്കുന്നില്‍ മനുഷ്യവാസം സാധ്യമാക്കണമെങ്കില്‍, പ്രദേശത്തേക്ക് അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാന്‍ കോടികള്‍ ചെലവാകും. എന്നാല്‍, ഇത്രയും കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് അത്രയും ചെലവുണ്ടാകില്ല. എന്നിട്ടും കുടുംബങ്ങളെ അപകടഭീഷണി ഏറെയുള്ള പ്രദേശത്ത് തുടരാന്‍ നിര്‍ബന്ധിക്കുന്നത് വരാനിരിക്കുന്ന മഴക്കാലങ്ങളില്‍ ഈ കുടുംബങ്ങളെ മരണത്തിന് വിട്ടുകൊടുക്കുന്ന തീരുമാനമാണ്. ഈ നീക്കം അവസാനിപ്പിച്ച് പ്രദേശത്തെ കുടുംബങ്ങളുടെ പുനരധിവാസം സര്‍ക്കാര്‍ ഉറപ്പാക്കണം. എല്ലാ വര്‍ഷവും മഴക്കാലത്ത് ദുരിതാശ്വാസ ക്യാന്പില്‍ കഴിയാന്‍ ഇനിയാവില്ല”-യൂനസ് പറഞ്ഞു.സമരത്തിനിറങ്ങും പടവെട്ടിക്കുന്നിലെ ഒറ്റപ്പെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്നാവശ്യപ്പെട്ട് പടവെട്ടിക്കുന്ന് – സ്‌കൂള്‍റോഡ് ആക്ഷന്‍ കമ്മിറ്റി കളക്ടറേറ്റിനു മുന്‍പില്‍ സമരം സംഘടിപ്പിക്കും.ഗോ സോണ്‍- നോ ഗോസോണ്‍ അവ്യക്തത നീക്കുക, ഗുണഭോക്തൃപട്ടികയിലെ അപാകം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കും. പി.കെ. അരുണ്‍, എം. ഷഫീക്ക്, പി. നസീര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.


Share our post
Continue Reading

Trending

error: Content is protected !!