ഓടംതോടിൽ കാട്ടാന വീട്ടുമതിൽ തകർത്തു

പേരാവൂർ : കണിച്ചാർ പഞ്ചായത്തിലെ ഓടംതോടിൽ കാട്ടാന ജനവാസ കേന്ദ്രത്തിലെത്തി വീട്ടു മതിൽ തകർത്തു. വടക്കേടത്ത് ജോസിൻ്റെ വീട്ടുമതിലാണ് തകർത്തത്. ചൊവ്വാഴ്ചയാണ് സംഭവം. പ്രദേശത്ത് വ്യാപകമായി കൃഷിയും നശിപ്പിച്ചു. ഓടംതോട് പള്ളിക്ക് സമീപമെത്തിയ കാട്ടാന ഇടത്താഴെ ആൻറണി, വള്ളോർ കോട്ട് ലൂയിസ്, പൊരുമന രാജു എന്നിവരുടെ കൃഷിയിടത്തിലെ വാഴ, തെങ്ങ് എന്നിവ നശിപ്പിച്ചു. വടക്കേടത്ത് ജോസിൻ്റെ വീട്ടുമതിൽ തകർത്ത് വീട്ടുമുറ്റത്ത് കൂടെയാണ് കാട്ടാന തിരികെ പോയത്.
വൈദ്യുതി വേലി കെട്ടിയതിനാൽ കഴിഞ്ഞ കുറേ നാളുകളായി ഓടംതോട്, അണുങ്ങോട്, മടപ്പുരച്ചാൽ മേഖലയിൽ കാട്ടാനശല്യം ഇല്ലായിരുന്നു. ഇപ്പോൾ തൂക്കു വേലിക്ക് സമീപമുള്ള മരം ഒടിച്ച് ഇട്ട് തൂക്കുവേലി തകർത്താണ് കാട്ടാന ജനവാസ മേഖലയിലെത്തിയത്.