അനധികൃതമായി ജോലിക്ക് ഹാജരാകാതെ ഡോക്ടര്‍മാര്‍; പട്ടിക പരസ്യപ്പെടുത്തി ആരോഗ്യവകുപ്പ്

Share our post

അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ഡോക്ടര്‍മാരുടെ പേരുവിവരങ്ങള്‍ പ്രസിദ്ധീകരിച്ച് ആരോഗ്യ വകുപ്പ്. ഡോക്ടര്‍മാരുടെ പേര്, വിലാസം, ജോലിചെയ്തിരുന്ന ആശുപത്രി എന്നിവയുള്‍പ്പെടെ പത്രങ്ങളില്‍ പരസ്യം നല്‍കി. എന്നുമുതലാണ് ജോലിക്ക് എത്താതിരുന്നതെന്നും പരസ്യത്തില്‍ പറഞ്ഞിട്ടുണ്ട്. സര്‍വ്വീസില്‍നിന്ന് പിരിച്ചുവിടുന്നതിന്റെ മുന്നോടിയായാണ് പരസ്യം നല്‍കിയിരിക്കുന്നത്. 15 ദിവസത്തിനുള്ളില്‍ പിരിച്ചുവിടുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരുടെ വിവരങ്ങളാണ് പുറത്തുവിട്ടത്.

അനധികൃതമായ ജോലിക്ക് ഹാജരാകാത്തവര്‍ക്ക് ആരോഗ്യവകുപ്പ് പലവട്ടം മുന്നറിയിപ്പ് നല്‍കിയിരുന്നു. തിരികെ സര്‍വ്വീസില്‍ പ്രവേശിക്കാന്‍ പലവട്ടം നിര്‍ദേശം നല്‍കി. എന്നിട്ടും മടങ്ങാത്തവരെയാണ് സര്‍വ്വീസില്‍നിന്ന് ഒഴിവാക്കുന്നത്. സംസ്ഥാനത്ത് ഡോക്ടര്‍മാരുടെ കുറവ് രോഗീപരിചരണത്തെ ബാധിച്ചതോടെയാണ് ആരോഗ്യമന്ത്രിതന്നെ നടപടിക്ക് നിര്‍ദേശിച്ചത്.

പലരും നീണ്ട അവധിയെടുത്ത് വിദേശത്തേക്കുപോകുകയും സ്വകാര്യ ആശുപത്രികളില്‍ ജോലിചെയ്യുകയും ചെയ്യുന്നതുമൂലമാണ് തിരികെ പ്രവേശിക്കാതിരിക്കുന്നത്. ഉയര്‍ന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതിനാലാണ് ഇവരില്‍ പലരും സര്‍ക്കാര്‍ സര്‍വ്വീസിലേക്ക് മടങ്ങാതിരിക്കുന്നത്. വിരമിക്കുന്നതിന് മുമ്പ് ജോലിയില്‍ പ്രവേശിച്ച് പെന്‍ഷന്‍ ഉറപ്പാക്കുന്ന രീതിയും ഉണ്ട്. ഇതൊന്നും ഇനി അനുവദിക്കാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

16 വര്‍ഷമായി ജോലിക്ക് എത്താത്ത ഡോക്ടര്‍ വരെ പരസ്യത്തില്‍ പേരുവന്നവരുടെ കൂട്ടത്തിലുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ജോലിചെയ്തിരുന്ന എന്‍.പി. മുഹമ്മദ് അസ്ലമാണ് 2008 മുതല്‍ ജോലിക്കെത്താതിരിക്കുന്നത്. ഈ ഡോക്ടര്‍ക്കെതിരെ പോലും ഇതുവരെ ആരോഗ്യ വകുപ്പ് നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവും ഉയരുന്നുണ്ട്. 2023 ഒക്ടോബര്‍വരെ അനധികൃതമായി ജോലിക്ക് ഹാജരാകാത്തവരുടെ പേരുകളാണ് പരസ്യത്തിലുള്ളത്. ജനറല്‍ മെഡിസിന്‍, കാര്‍ഡിയോളജി, അനസ്തേഷ്യ തുടങ്ങിയ എല്ലാ ഡിപ്പാര്‍ട്ട്മെന്റുകളിലെ ഡോക്ടര്‍മാരും പട്ടികയില്‍ ഉണ്ട്.

ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ രണ്ടായിരത്തോളം ജീവനക്കാരാണ് ആരോഗ്യ വകുപ്പില്‍ അനധികൃതമായി സര്‍വീസില്‍നിന്ന് വിട്ടുനില്‍ക്കുന്നത്. ഇത് പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങളേയും ചികിത്സയേയും ബാധിക്കുന്നതിനാലാണ് കര്‍ശന നടപടിക്ക് ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കിയത്. ഇതിന്റെ ആദ്യപടിയാണ് ഡോക്ടര്‍മാരെ പിരിച്ചുവിടുന്നത്. മറ്റ് വിഭഗങ്ങളിലെ ജീവനക്കാര്‍ക്കെതിരേയും വരുംദിവസങ്ങളില്‍ നടപടിയുണ്ടാകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!