മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാൻ നടപടികൾ മാറും;  ഇന്ന് മുതല്‍ പുതിയ നിയമങ്ങൾ

Share our post

സിം സ്വാപ്പ്, റീപ്ലേസ്മെൻ്റ് പോലുള്ള തട്ടിപ്പുകൾ നിരീക്ഷിക്കുന്നതിനായി മൊബൈൽ നമ്പർ പോർട്ടബിലിറ്റി ചട്ടങ്ങളിൽ കൊണ്ടുവന്ന ഭേദഗതി ജൂലായ് ഒന്ന് മുതൽ നിലവിൽ വരുമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) അറിയിച്ചു. 2024 മാർച്ച് 14 കൊണ്ടുവന്ന മൊബൈൽ നമ്പർ പോർട്ടബിലിറ്റി ചട്ടങ്ങളിലെ ഒമ്പതാം ഭേദഗതിയാണ് ജൂലായ് ഒന്ന് മുതൽ നിലവിൽ വരിക.

ട്രായ് നിയമം അനുസരിച്ച്, നിലവിലുള്ള ഉപഭോക്താവിന് നഷ്‌ടപ്പെട്ടതോ പ്രവർത്തന രഹിതമായതോ ആയ സിം കാർഡിന് പകരം പുതിയ സിംകാർഡ് നൽകുന്നതിനാണ് സിം സ്വാപ്പ് അല്ലെങ്കിൽ സിം റീപ്ലേസ്മെൻ്റ് എന്ന് പറയുന്നത്. മൊബൈൽ നമ്പർ നിലനിർത്തി മറ്റൊരു സേവന ദാതാവിലേക്ക് മാറാനുള്ള മൊബൈൽ നമ്പർ പോർട്ടബിലിറ്റി സൗകര്യവും ലഭ്യമാണ്. ഈ പ്രക്രിയകൾ കൂടുതൽ സുഗമവും സുരക്ഷിതവുമാക്കുന്നതിനായി 2009 ലെ മൊബൈൽ നമ്പർ പോർട്ടബിലിറ്റി ചട്ടങ്ങളിൽ മുമ്പ് എട്ട് തവണ ഭേദഗതി കൊണ്ടുവന്നിട്ടുണ്ട്.

പോർട്ട് ചെയ്യാനുള്ള നടപടിക്രമങ്ങളിൽ മാറ്റം വരുത്തിയാണ് പുതിയ ഭേദഗതി അവതരിപ്പിച്ചിരിക്കുന്നത്. പുതിയ നിബന്ധന പ്രകാരം മോഷണം പോയതോ നഷ്‌ടപ്പെട്ടതോ ആയ സിം കാർഡിലെ നമ്പർ പുതിയ സിമ്മിലേക്കു മാറ്റിയശേഷം കണക്ഷൻ മറ്റൊരു സേവന ദാതാവിലേക്ക് മാറ്റുന്നതിന് ഏഴുദിവസം കാത്തിരിക്കണം. ജൂലായ് ഒന്നുമുതൽ ഇത് പ്രാബല്യത്തിലാകും.

സിം കാർഡ് നഷ്ട്‌ടമായാൽ നമ്പർ മറ്റൊരു സിം കാർഡിലേക്ക് മാറ്റാൻ ഉപഭോക്താവിനു കഴിയും. അതേസമയം, ഉപഭോക്താവ് അറിയാതെ ഫോൺനമ്പർ മറ്റൊരു സിമ്മിലേക്കുമാറ്റി, അതിലേക്കു വരുന്ന ഒ.ടി.പി. നമ്പറുകൾ ഉപയോഗിച്ചുള്ള സാമ്പത്തികത്തട്ടിപ്പുകൾ വ്യാപകമാണ്. സിം പ്രവർത്തന രഹിതമായാലും അതിനുള്ള കാരണം ഉപഭോക്താവിന് പെട്ടെന്നു മനസ്സിലാകണമെന്നില്ല. നമ്പർ പോർട്ട് ചെയ്ത്‌കാര്യം അറിഞ്ഞു വരുമ്പോഴേക്കും അക്കൗണ്ടിൽനിന്ന് പണം നഷ്ടമായിട്ടുണ്ടാകും.

ഫോൺ നമ്പറുകൾ പോർട്ട് ചെയ്യുന്നതിന് ഉപയോഗിക്കുന്ന യുണീക് പോർട്ടിങ് കോഡ് (യു.പി.സി.) അനുവദിക്കുന്നതിലും പുതിയ മാനദണ്ഡം അവതരിപ്പിച്ചിട്ടുണ്ട്. ഇതനുസരിച്ച്, നമ്പർ മാറ്റാതെ പുതിയ സിം എടുത്തശേഷം ഏഴുദിവസം കഴിയാതെ യു.പി.സി. നൽകില്ല. അതേസമയം, ത്രീ ജിയിൽനിന്നും മറ്റും ഫോർ ജിയിലേക്കോ ഫൈവ് ജിയിലേക്കോ അപ്‌ഗ്രേഡ് ചെയ്യുന്നതിന് നിയന്ത്രണങ്ങളില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!