കോളയാട് പഞ്ചായത്തിൽ കാട്ടാന ആക്രമണം തുടർക്കഥ; എട്ടാം ദിനവും കർഷകർക്ക് കണ്ണീർ

കോളയാട്: തുടർച്ചയായ എട്ടാം ദിനവും കോളയാട് പഞ്ചായത്തിൽ കാട്ടാനകളുടെ ആക്രമണം തുടരുന്നു. നിടുംപൊയിൽ ചെക്കേരി കരിമ്പിൽ ഞായറാഴ്ച പുലർച്ചെയെത്തിയ കാട്ടാനകൾ വ്യാപക നാശം വരുത്തി. മൂത്രാടൻ ചന്ദ്രൻ, തെനിയാടൻ ബിനു, ഇ. സജേഷ് എന്നിവരുടെ തെങ്ങുകൾ കാട്ടാനക്കൂട്ടം നശിപ്പിച്ചു. കരിമ്പിൽ നിന്ന് നിടുംപൊയിൽ ടൗണിലേക്ക് അഞ്ഞൂറ് മീറ്റർ ദൂരം മാത്രമാണുള്ളത്. തൊട്ടടുത്ത പ്രദേശമായ കുട്ടിയടുപ്പിൽ കഴിഞ്ഞ ദിവസം കാട്ടാനകളെത്തി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു.
പ്രത്യക്ഷ സമരത്തിന് കുറിച്യ മുന്നേറ്റ സമിതി
കോളയാട് : പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കാട്ടാനകളുടെ ആക്രമണം രൂക്ഷമായിട്ടും നടപടി സ്വീകരിക്കാത്ത അധികൃതർക്കെതിരെ കുറിച്യ മുന്നേറ്റ സമിതി ജില്ലാ കമ്മിറ്റി പ്രക്ഷോഭത്തിനൊരുങ്ങുന്നു. കാട്ടാനകൾ കാരണം ജീവനും സ്വത്തിനും സംരക്ഷണമില്ലാതെ കർഷകർ ദുരിതത്തിലാണ്. ഇക്കാര്യത്തിൽ അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് കെ.കെ.എം.എസ് ആരോപിച്ചു. ബന്ധപ്പെട്ട എല്ലാ അധികാരികൾക്കും നിരവധി തവണ പരാതി നല്കിയിട്ടും നടപടിയില്ല. ജില്ലാ കളക്ട്രേറ്റ്, ഡി.എഫ്.ഒ, കണ്ണവം റെയ്ഞ്ച് ഓഫീസ്, കോളയാട് പഞ്ചായത്ത് എന്നിവിടങ്ങളിലാണ് കുറിച്യ മുന്നേറ്റ സമിതിയുടെ നേതൃത്വത്തിൽ സമരം നടത്താനൊരുങ്ങുന്നത്. കോളയാട് ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് സി. സതീശൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം. ബിജേഷ്, വൈസ്.പ്രസിഡന്റ് സി. സജീവൻ, പി. ചന്ദ്രൻ എന്നിവർ സംസാരിച്ചു.