‘വിജ്ഞാനോത്സവം’: നാല് വർഷ ബിരുദത്തിന് ഇന്ന് തുടക്കം

Share our post

തിരുവനന്തപുരം : സംസ്ഥാനത്തെ സർവകലാശാലകളിലും കോളേജുകളിലും തിങ്കളാഴ്ച നാലുവർഷ ബിരുദത്തിന് തുടക്കമാകും. ഉന്നത വിദ്യാഭ്യാസമേഖലയിലെ സുപ്രധാന നാഴികക്കല്ലായ നാലുവർഷ ബിരുദ പ്രോഗ്രാമിലെ ഒന്നാം വർഷ ക്ലാസുകളുടെ തുടക്കം ‘വിജ്ഞാനോത്സവം’ ആയി ആഘോഷിക്കും. തിരുവനന്തപുരം ​ഗവ. വിമൻസ് കോളേജിൽ നടക്കുന്ന സംസ്ഥാനതല വിജ്ഞാനോത്സവത്തിന്റെ ഉദ്ഘാടനം പകൽ 12ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.

മന്ത്രി ആർ. ബിന്ദു അധ്യക്ഷയാകും. ഉദ്‌ഘാടന പരിപാടി എല്ലാ ക്യാമ്പസുകളിലും സംപ്രേക്ഷണം ചെയ്യും. തുടർന്ന് ക്യാമ്പസ് തല ഉദ്ഘാടന ചടങ്ങുകൾ നടത്തും. നവാഗതരെ മുതിർന്ന വിദ്യാർഥികളുടെയും അധ്യാപകരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ക്യാമ്പസിലേക്ക് വരവേൽക്കും. ഒന്നാം വർഷ വിദ്യാർഥികൾക്കായി നാലുവർഷ ബിരുദ പരിപാടിയെക്കുറിച്ചുള്ള അവബോധ ക്ലാസും കോളേജുകളിൽ സംഘടിപ്പിക്കും.

കേരള, കലിക്കറ്റ്, എം.ജി, കണ്ണൂർ സർവകലാശാലകൾക്ക് കീഴിലെ 864 കോളേജുകളിലും കേരള, മലയാളം, സംസ്കൃത സർവകലാശാലകളിലെ പഠന കേന്ദ്രങ്ങളിലുമായാണ് നാലുവർ‌ഷ ബിരുദം ആരംഭിക്കുന്നത്. മൂന്നുവർഷത്തിൽ ബിരുദം, നാലുവർഷത്തിൽ ഓണേഴ്സ് ബിരുദം, ഓണേഴ്സ് വിത്ത് റിസർച്ച് ബിരുദം എന്നിങ്ങനെയാണ് ഈ വർഷം മുതൽ പഠനം ആരംഭിക്കുന്ന വിദ്യാർഥികൾക്ക് ലഭിക്കുക. രണ്ടര ലക്ഷത്തോളം വിദ്യാർഥികളാണ് ആദ്യദിനത്തിൽ കോളേജുകളിൽ പ്രവേശനം നേടുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!