പാഴായ മരുന്നുകളുടെ സംസ്‌കരണം ഭീഷണി; കര്‍ശന മാനദണ്ഡമൊരുങ്ങുന്നു

തൃശ്ശൂര്‍: കാലാവധി തീര്‍ന്നതും പല കാരണങ്ങളാല്‍ ഉപയോഗശൂന്യമായതുമായ അലോപ്പതി മരുന്നുകളുടെ യുക്തമല്ലാത്ത സംസ്‌കരണം പൊതുജനാരോഗ്യത്തിന് കടുത്ത ഭീഷണിയെന്ന വിലയിരുത്തല്‍ വീണ്ടും. ഈ സാഹചര്യത്തില്‍ കൂടുതല്‍ ഫലപ്രദവും ശാസ്ത്രീയവും കര്‍ശനവുമായ മാര്‍ഗനിര്‍ദേശങ്ങള്‍ രൂപപ്പെടുത്തുവാന്‍ ശ്രമം തുടങ്ങി. കേന്ദ്ര ആരോഗ്യമന്ത്രാലയവും ഇതനുസരിച്ചുള്ള നിര്‍ദേശം ഡ്രഗ്സ് വിഭാഗത്തിന് നല്‍കിയിട്ടുണ്ട്.
മരുന്നുകള്‍ സുരക്ഷിതമായി സംസ്‌കരിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശ രേഖയാണ് തയ്യാറാകുന്നത്. എത്രയും വേഗം ഇത് പ്രസിദ്ധീകരിക്കാനാണ് ശ്രമം. ലോകാരോഗ്യസംഘടനയുടെയും അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെയും നിര്‍ദേശങ്ങളാണ് അടിസ്ഥാനമാക്കുന്നത്. ബയോ-മെഡിക്കല്‍ മാലിന്യം സംബന്ധിച്ച് ചട്ടങ്ങളും കൂടി പരിഗണിച്ചായിരിക്കും പുതിയ രേഖ നിലവില്‍ വരുക.
മേഖലയുമായി ബന്ധപ്പെട്ട ഗവേഷകര്‍ സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ ഇടപെടലാവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. ഡല്‍ഹി അടിസ്ഥാനമാക്കിയ പഠനങ്ങളില്‍ അന്തരീക്ഷവായുവില്‍പ്പോലും മരുന്നുഘടകങ്ങളുടെ സാന്നിധ്യം കണ്ടെത്തി. പരിസ്ഥിതി പ്രവര്‍ത്തകരും സംഘടനകളും ഏറെക്കാലമായി ഭീഷണി ഉയര്‍ത്തിക്കാട്ടുന്നുണ്ട്. മണ്ണിലും വെള്ളത്തിലും വായുവിലുമൊക്കെ കലരുന്ന രാസമൂലകങ്ങള്‍ മനുഷ്യരുടെയും ഇതരജീവികളുടെയും ശരീരത്തിലെത്തുന്നത് ഔഷധപ്രതിരോധശേഷിക്ക് കാരണമാകുന്നതായും പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു.
വിപണിയിലെത്തുന്ന മരുന്നുകളില്‍ പത്തുശതമാനമെങ്കിലും കാലാവധി കഴിയുമെന്നാണ് കമ്പനികളുടെ തന്നെ കണക്ക്. ഇവ തിരിച്ചെടുത്ത് സംസ്‌കരിക്കുന്നതിന് കൃത്യമായ നിബന്ധനകളുണ്ട്. എന്നാല്‍ ഉള്‍നാടുകളില്‍ ഇത് നിറവേറ്റാന്‍ ഫലപ്രദമായ സംവിധാനങ്ങള്‍ എല്ലാവര്‍ക്കുമില്ല. ഇതിനു പുറമേയാണ് വീടുകളിലും മറ്റും കുമിഞ്ഞുകൂടുന്ന ഉപേക്ഷിക്കപ്പെട്ട മരുന്നുകള്‍. പല സര്‍ക്കാര്‍ പദ്ധതികള്‍ വഴിയും മറ്റും വാങ്ങിക്കൂട്ടുന്ന മരുന്നുകളില്‍ പലതും ചവറ്റുകുട്ടയിലിടുകയാണ്. ചിലര്‍ പുഴകളിലും ഉപയോഗമില്ലാത്ത കിണറുകളിലും ഇവ ഉപേക്ഷിക്കുന്നുമുണ്ട്. ശാസ്ത്രീയമല്ലാതെ മൂടുന്നവരും കത്തിക്കുന്നവരും ഏറെയുണ്ട്. ഇതെല്ലാം ഭാവിയില്‍ അതിഗുരുതര പൊതുജനാരോഗ്യ പ്രതിസന്ധിയാകും.