മാനനഷ്‌ടക്കേസ്; മേധാ പട്‌കറിന് അഞ്ചുമാസം തടവും പത്തുലക്ഷം പിഴയും

ന്യൂഡൽഹി : ഡൽഹി ലഫ്.ഗവർണർ വി.കെ സക്‌സേന നൽകിയ മാനനഷ്‌ടക്കേസിൽ പരിസ്ഥിതിപ്രവർത്തകയും നർമദ ബച്ചാവോ ആന്തോളൻ(എൻ.ബിഎ) സ്ഥാപകയുമായ മേധാ പട്‌കറിന് അഞ്ചുമാസം തടവും പത്തുലക്ഷം പിഴയും ശിക്ഷ വിധിച്ച് ഡൽഹി സാകേത് കോടതി. 2001ൽ സക്‌സേന നൽകിയ കേസിലാണ് സാകേത് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് രാഘവ് ശർമയുടെ വിധി. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് കടുത്ത ശിക്ഷ നൽകുന്നില്ലന്ന് ഉത്തരവിൽ പറഞ്ഞ കോടതി, അപ്പീൽ നൽകുന്നതിനായി മുപ്പത് ദിവസത്തേയ്‌ക്ക് ശിക്ഷ സ്‌റ്റേ ചെയ്‌തു. എൻ.ബി.എയ്‌ക്ക് സക്‌സേന നൽകിയ നാൽപ്പതിനായിരം രൂപയുടെ ചെക്ക് മടങ്ങിയെന്നും അങ്ങനൊരു അക്കൗണ്ടേ ഉണ്ടായിരുന്നില്ലന്നും 2000 നവംബറിൽ മേധാ പട്‌കർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ ആരോപിച്ചിരുന്നു.
‘രാജ്യസ്‌നേഹിയുടെ യഥാർഥ മുഖം’ എന്ന തലക്കെട്ടിൽ പുറത്തിറക്കിയ പത്രക്കുറിപ്പിൽ സക്‌സേനയ്‌ക്ക് ഹാവാല ബന്ധമുണ്ടെന്ന് പറഞ്ഞ പട്‌കർ അദ്ദേഹത്തെ ഭീരുവെന്നും രാജ്യസ്‌നേഹമില്ലാത്ത ആളെന്നും വിശേഷിപ്പിച്ചതായുമാണ് കേസ്. പരാമർശങ്ങൾ അപകീർത്തിപ്പെടുന്നതാണെന്ന് കാട്ടി സക്‌സേന അഹമ്മദാബാദ് മെട്രോപൊളീറ്റൻ കോടതിയിലാണ് ആദ്യം കേസ് നൽകിയത്. തുടർന്ന് 2003ൽ ഡൽഹിയിലേയ്‌ക്ക് മാറ്റുകയായിരുന്നു. അന്ന് അഹമ്മദാബാദ് ആസ്ഥാനമായുള്ള നാഷണൽ കൗൺസിൽ ഫോർ സിവിൽ ലിബർട്ടീസ് എന്ന സർക്കാരിതര സംഘടനയുടെ തലവനായിരുന്നു സക്‌സേന. പത്രക്കുറിപ്പിലെ പരാമൾശങ്ങൾ അപകീർത്തികരവും പ്രതിലോമകരമായ പ്രതീതി സൃഷ്‌ടിക്കാനുള്ള ശ്രമമായിരുന്നുവെന്നും ഉത്തവിൽ പറഞ്ഞ കോടതി, തെളിവുകൾ ഹാജരാക്കാൻ മേധാ പട്‌കർക്ക് കഴിഞ്ഞില്ലന്നും വ്യക്തമാക്കി.