തൊഴിലാളികളെ കിട്ടാനില്ല ;നെൽകൃഷിയിൽ നിന്ന് കർഷകർ പിന്നോട്ട്

Share our post

തളിപ്പറമ്പ്: ഒരുകാലത്ത് കാർഷിക മേഖലയെ സമ്പുഷ്ടമാക്കിയിരുന്ന നെൽവയലുകളുടെ നല്ലൊരു ഭാഗം തരിശായി കിടക്കുന്നു. ഗ്രൂപ്പ് കൃഷിയില്ലെങ്കിൽ നെൽക്കൃഷിയില്ലെന്ന സ്ഥിതിയാണ്‌. വ്യക്തികൾ സ്വന്തം നിലയിൽ ചെയ്യുന്ന കൃഷി ചുരുങ്ങി. വിത്തും വളവും സഹായധനവുമൊക്കെയായി സർക്കാർ പിന്നാലെ കൂടിയിട്ടും പാടത്ത് പഴയതുപോലെ പണിനടക്കുന്നില്ല. നെല്ലറയായി അറിയപ്പെട്ടിരുന്ന ഏഴോം ഗ്രാമത്തിൽ ഇപ്പോൾ നൂറ് ഹെക്ടർപോലും നെൽക്കൃഷിയില്ല. ആറ് പാടശേഖരസമിതികൾ മാത്രം.

ജില്ലയിലെതന്നെ വിശാലമായ നരിക്കോട് വയലിൽ മാത്രമാണ് മെച്ചപ്പെട്ട കൃഷിയുള്ളത്. ഇവിടെയും നിലം തരിശായി കാണുന്നതിൽ കൃഷിവകുപ്പ് ഉദ്യോഗസ്ഥർക്കും ആശങ്കയുണ്ട്. ഭരണസമിതികളും ഉദ്യോഗസ്ഥരും ഒപ്പം ചേർന്നിട്ടും കൃഷിയിടങ്ങളിൽ ആളനക്കം കുറയുന്നതാണ് പ്രശ്നം. പ്രത്യേകിച്ച് കൈപ്പാട് കൃഷിയിൽ. ഏഴോത്തിന്റെ മാത്രം പ്രത്യേകതയായിരുന്ന കൈപ്പാട് നിലം ഇപ്പോൾ കണ്ടലും ചുള്ളിക്കാടും നിറഞ്ഞു.

കുറുമാത്തൂർ ഗ്രാമപ്പഞ്ചായത്തിലും നെൽക്കൃഷി കുറവുതന്നെ. മുയ്യം വയലിലാണ് അൽപ്പമെങ്കിലും കൃഷിയുള്ളത്. അവിടെയാണെങ്കിൽ അട്ടശല്യം. പഞ്ചായത്തിന്റെ മറ്റു ഭാഗങ്ങളിലേതുൾപ്പെടെ 75 ഹെക്ടർ സ്ഥലത്ത് നെൽക്കൃഷി ചെയ്യുന്നുണ്ട്.

നെല്ലുത്‌പാദനത്തിൽ മേൽകൈയുള്ള പഞ്ചായത്താണ് പട്ടുവം. ഇത്തവണ 150 ഹെക്ടർ സ്ഥലത്ത് നെല്ല് വിളവെടുക്കാനുള്ള ശ്രമത്തിലാണ് കർഷകർ. പട്ടുവം സർവീസ് സഹകരണ ബാങ്ക് മുന്നിട്ടിറങ്ങി നെൽക്കൃഷി നടത്തുന്നുണ്ട്. മംഗലശ്ശേരി, കാവുങ്കൽ, മുതുകുട, കൂത്താട്ട് തുടങ്ങിയ സ്ഥലങ്ങളിലാണ് കർഷകർ ഉണർന്ന് പ്രവർത്തിക്കുന്നത്. മൂന്നുഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട പട്ടുവം ഗ്രാമപ്പഞ്ചായത്തിലെ വെള്ളപ്പൊക്കം കർഷകരെ അലട്ടാറുണ്ട്.

ആന്തൂർ നഗരസഭ നെൽക്കൃഷിയിലെ പെരുമ കളയാതെ നോക്കുന്നുണ്ട്. ഇത്തവണ 180 ഹെക്ടർ വിളവെടുപ്പിനുള്ള മുന്നൊരുക്കങ്ങളാണ് നടന്നത്. ആന്തൂർ, ബക്കളം തുടങ്ങിയ പ്രദേശങ്ങളിലേതുൾപ്പെടെ 18 പാടശേഖര സമിതികൾ നഗരസഭയിലുണ്ട്.

തളിപ്പറമ്പ് നഗരസഭാ പരിധിയിലുംം നെൽക്കൃഷി കുത്തനെ ഇടിഞ്ഞു. 18 ഹെക്ടർ സ്ഥലത്ത്‌ മാത്രമാണ് നാട്ടി. ചാലത്തൂർ, കുപ്പം, കണികുന്ന്, കൂവോട് ഭാഗങ്ങളിലാണിത്. നഗരസഭയിൽ തരിശുനിലം ഏറെയുണ്ട്. ദേശീയപാത ബൈപ്പാസ് കാരണം കുറ്റിക്കോൽ, കീഴാറ്റൂർ വയലുകളിലെ കൃഷി നിലച്ചു. റോഡരികിലെ വെള്ളക്കെട്ട് കർഷകർക്ക് പ്രശ്നമായി മാറി.വയലിലിറങ്ങാൻ തൊഴിലാളികളെ കിട്ടാത്തതാണ് പ്രധാന പ്രശ്നമെന്ന് കർഷകർ പറയുന്നു. തദ്ദേശീയരായ തൊഴിലാളികൾ നാമമാത്രം. മറുനാടൻ തൊഴിലാളികളെയാണ് കർഷകർ ആശ്രയിക്കുന്നത്.

സർക്കാർ സഹായം വേണം

നെൽക്കൃഷി പിടിച്ചുനിർത്താൻ സഹായവുമായി സർക്കാർ രംഗത്തുണ്ട്. കർഷകന് മണ്ണിൽ കുമ്മായം ചേർക്കാൻ ഹെക്ടറിന് 5500 രൂപ നൽകുന്നുണ്ട്. മറ്റ് ആനുകൂല്യങ്ങളും ജനകീയാസൂത്രണ പദ്ധതികളിൽ പഞ്ചായത്തുകളും നഗരസഭകളും വകയിരുത്തുന്ന തുകയുമുൾപ്പെടെ ഹെക്ടറിന് 22,000 രൂപയിൽ കൂടുതൽ കർഷകന് ലഭിക്കുന്നുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!