സീറ്റുണ്ട്; പഠിച്ചാൽ ജോലിയും ; പോളിടെക്‌നിക് ഒന്നാം അലോട്ട്‌മെന്റ് ജൂലൈ ഒന്നിന്

തിരുവനന്തപുരം : പഠിച്ചിറങ്ങിയാലുടൻ ജോലി. അല്ലെങ്കിൽ എൻജിനിയറിങ് മേഖലയിൽ തുടർപഠനം. സംസ്ഥാനത്തെ പോളിടെക്‌നിക്കുകളിലും ഐ.ടി.ഐ.കളിലും വിദ്യാർഥികളെ കാത്തിരിക്കുന്നത് നിരവധി അവസരം. എന്നാൽ എല്ലാവർഷവും സീറ്റ് ബാക്കിയാകുന്നതാണ് പതിവ്. കഴിഞ്ഞവർഷം പോളിടെക്‌നിക്കിലും ഐ.ടി.ഐ.യിലുമായി ഒഴിഞ്ഞു കിടന്ന സർക്കാർ, എയ്‌ഡഡ് സീറ്റുകൾ ആറായിരത്തിലധിമാണ്. ഈ വർഷത്തെ പോളിടെക്‌നിക് പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്‌മെന്റ് ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും. ഐ.ടി.ഐ.കളിൽ ജൂലൈ അഞ്ച് വരെ അപേക്ഷിക്കാം.
സംസ്ഥാനത്ത് പോളിടെക്‌നിക്കുകളിൽ 28,888 സീറ്റാണുള്ളത്. സർക്കാർ, എയിഡഡ് –12891, ഐ.എച്ച്.ആർ.ഡി –2331, കേപ് – 441, എൽ.ബിഎസ് –189, സെൽഫ് ഫിനാൻസ് – 6671, സെൽഫ് ഫിനാൻസ് മാനേജ്‌മെന്റ് ക്വാട്ട– 6365 എന്നിങ്ങനെയാണ് സീറ്റ് നില.
എസ്.എസ്.എൽ.സി യോഗ്യതയുള്ള വിദ്യാർഥികൾക്ക് സാങ്കേതിക വിദ്യാഭ്യാസം നേടാനും പെട്ടെന്നുതന്നെ ജോലിക്ക് പ്രാപ്തരാക്കാനും സഹായിക്കുന്നവയാണ് പോളിടെക്‌നിക്കുകളിലെ ത്രിവത്സര എൻജിനിയറിങ് ഡിപ്ലോമ കോഴ്സുകൾ. നൂതന കോഴ്‌സുകൾ ഉൾപ്പെടെ 37 ഡിപ്ലോമ പ്രോഗ്രാമുകളുണ്ട്. എ.ഐ.സി.ടി.ഇ അംഗീകാരം ലഭിച്ചവയാണ് മുഴുവൻ കോഴ്‌സുകളും. സർക്കാർ–സ്വകാര്യ ഐ.ടി.ഐ.കളിലായി 61,429 സീറ്റുണ്ട്.