കാലവർഷം: ജില്ലയിൽ 64.87 ഹെക്ടർ കൃഷിനാശം; കൃഷി ഭവനുകളിൽ ഉടൻ അറിയിക്കണം

Share our post

കണ്ണൂർ : മഴ തകർത്തു പെയ്യുമ്പോൾ ഉറക്കം നഷ്‌ടപ്പെടുന്നത് ജില്ലയിലെ കർഷകർക്കാണ്. മലയോര മേഖല ഉൾപ്പെടെ കാറ്റിലും മഴയിലും ഏക്കറുകണക്കിന് കൃഷിയാണ് ഇല്ലാതായത്. ഇതോടെ ഇവരുടെ ജീവിതമാർഗംതന്നെ അടഞ്ഞു. ജില്ലയിലെ 1414 കർഷകരാണ് ഇതുവരെ കാലവർഷത്തിൽ കൃഷി നശിച്ച് ദുരിതത്തിലായത്. മലയോരത്താണ് കൂടുതൽ കൃഷിനാശം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

കൃഷി വകുപ്പിന്റെ പ്രാഥമിക കണക്ക് പ്രകാരം ജൂൺ ഒന്ന് മുതൽ 27 വരെ ജില്ലയിൽ 64.87 ഹെക്ടർ കൃഷിയാണ് നശിച്ചത്. 2.63 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഇതിൽ രണ്ട് കോടിയിൽ അധികം രൂപയുടെ നഷ്ടം വാഴ കർഷകർക്കാണ്. 26,420 കുലച്ച വാഴകളും 10,850 വാഴകളുമാണ് ഒരു മാസത്തിനിടെ നശിച്ചത്. 608 വാഴക്കർഷകരുടെ ജീവിത മാർഗമാണ് ഇതിലൂടെ ഇല്ലാതായത്. കുലച്ച വാഴകൾക്ക് 1.58 കോടി രൂപയും അല്ലാത്തവക്ക് 43.40 ലക്ഷം രൂപയുമാണ് നഷ്ടം കണക്കാക്കുന്നത്.

റബ്ബർ കർഷകർക്ക്‌ 31 ലക്ഷം രൂപയുടെ നഷ്ടമാണ് കാലവർഷത്തിൽ ഉണ്ടായത്. 257 കർഷകരുടെ ടാപ്പിങ് നടത്തുന്ന 1408-ഉം അല്ലാത്ത 210-റബ്ബർ മരങ്ങളുമാണ് നശിച്ചത്. നാളികേര കർഷകർക്ക് 16.45 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 271 കർഷകരുടെ 345 തെങ്ങുകൾ നശിച്ചു. കുരുമുളക് 5.18, കശുവണ്ടി – 4.19, അടക്ക – 1.87, പച്ചക്കറി – 1.30 ലക്ഷം രൂപയും ജാതി 81,000, കപ്പ 5000, പയർ വർഗം 6000 രൂപയുമാണ് നഷ്ടം കണക്കാക്കുന്നത്.

കൃഷി നാശത്തെ തുടർന്ന് നഷ്ടപരിഹാരത്തിന് ഈ കാലയളവിൽ 307 പേരാണ് അപേക്ഷിച്ചത്. ഇതിൽ 132 അപേക്ഷകൾ അംഗീകരിച്ചു. 8.25 ലക്ഷം രൂപയുടെ നഷ്ട പരിഹാരത്തിനാണ് കൃഷി വകുപ്പ് ശുപാർശ ചെയ്തിട്ടുണ്ട്. വിള ഇൻഷുറൻസിനായി 48 പേരാണ് അപേക്ഷിച്ചത്. ഇതിൽ 27 അപേക്ഷ അംഗീകരിച്ചു. 3.92 ലക്ഷം രൂപ അനുവദിക്കാൻ അംഗീകാരം നൽകി.

കൃഷിനാശമുണ്ടായാൽ കർഷർ എത്രയും പെട്ടെന്ന് വിവരം അതത് കൃഷി ഭവനുകളിൽ അറിയിക്കണം. തുടർന്ന് കർഷക ഐ.ഡി തയ്യാറാക്കി എയിംസ് പോർട്ടലിൽ ഓൺലൈനായി വിവരങ്ങൾ അപ്‌ലോഡ് ചെയ്യണം. കൃഷി നാശത്തിന്റെ ഫോട്ടോ അടക്കം ഇതിൽ രേഖപ്പെടുത്തണം. തുടർന്ന് 24 മണിക്കൂറിനകം കൃഷി ഓഫീസർ സ്ഥലം സന്ദർശിച്ച് പ്രഥമ വിവര പട്ടിക തയ്യാറാക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാര തുക നിശ്ചയിക്കുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!