ഭൂമി തരം മാറ്റൽ: ജൂലൈ ഒന്ന് മുതൽ പുതിയ സംവിധാനം

Share our post

തിരുവനന്തപുരം: ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കുന്നതിന് ജൂലൈ ഒന്ന് മുതൽ പുതിയ സംവിധാനം നിലവിൽ വരുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ അറിയിച്ചു. ഇതിന്റെ ഔപചാരിക ഉദ്ഘാടനം ജൂലൈ ഒന്നിന് തിരുവനന്തപുരം കളക്ടറേറ്റിൽ നടക്കും. ഇതുവരെ സംസ്ഥാനത്ത് 27 ആർ.ഡി.ഒ/സബ് കളക്ടർമാർ തീർപ്പ് കൽപ്പിച്ചിരുന്ന തരംമാറ്റ പ്രക്രിയ ഇനിമുതൽ 71 ഡെപ്യൂട്ടി കളക്ടർമാർ നേരിട്ട് കൈകാര്യം ചെയ്യുമെന്ന് മന്ത്രി വിശദീകരിച്ചു. ഡെപ്യൂട്ടി കളക്ടർമാരെ സഹായിക്കാൻ 68 ജൂനിയർ സൂപ്രണ്ട് തസ്തികയും 181 ക്ലർക്ക് തസ്തികയും മുമ്പ് തന്നെ സൃഷ്ടിച്ചിരുന്നു. കൂടാതെ 123 സർവെയർമാരെ താല്കാലികമായി നിയമിക്കാനും 220 വാഹനങ്ങൾ വാടകക്ക് എടുക്കാനും ഉത്തരവിട്ടിട്ടുണ്ട്. ആവശ്യമായ സോഫ്റ്റ്‌വെയർ ക്രമീകരണങ്ങളും ജീവനക്കാരുടെ നിയമനവും പൂർത്തീകരിച്ചു കഴിഞ്ഞതായി മന്ത്രി പറഞ്ഞു.  

അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിന് നിയമപരമായ മുൻഗണന നൽകാതിരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് തരംമാറ്റ നടപടികൾ ഓൺലൈനാക്കി. ജീവനക്കാരുടെ അഭാവം പരിഹരിക്കുന്നതിന് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന 990 ജീവനക്കാരെ താൽക്കാലികമായി ആറ് മാസത്തേക്ക് നിയമിക്കാനും 340 വാഹനങ്ങളും ഐ.ടി അനുബന്ധ ഉപകരണങ്ങൾക്കായി 5.99 കോടി രൂപയും അനുവദിച്ചിരുന്നു. ഓൺലൈൻ വഴി തരംമാറ്റത്തിനായി 4,52,215 ലക്ഷം അപേക്ഷകൾ ലഭിച്ചിരുന്നു. ഇതിൽ കഴിഞ്ഞ രാത്രിവരെയുള്ള കണക്കനുസരിച്ച് 1,78,620 അപേക്ഷകൾ തീർപ്പാക്കിയിട്ടുണ്ട്. ശേഷിക്കുന്ന 2,73,595 എണ്ണം പരിശോധിച്ചു വരികയാണെന്ന് മന്ത്രി പറഞ്ഞു.

വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലുമുള്ള ജീവനക്കാരുടെ അഭാവം പരിഹരിക്കുന്നതിന് ഇ-ഓഫീസ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഓഫീസുകളിൽ നിന്നുള്ള 779 ഒ.എ.മാരെയും 243 ടൈപ്പിസ്റ്റ്മാരെയും വില്ലേജ്/താലൂക്ക് ഓഫീസുകളിലേക്ക് പുനർവിന്യസിച്ചിട്ടുണ്ട്. ഈ സംവിധാനങ്ങൾ കൂടി പ്രയോജനപ്പെടുത്തിയാണ് ഒന്നാം തീയതി മുതൽ താലൂക്ക് അടിസ്ഥാനത്തിൽ തരം മാറ്റ അപേക്ഷകൾ തീർപ്പാക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!