വിസ വാഗ്ദാനം ചെയ്ത് പണം തട്ടി: കണ്ണൂരിൽ ദമ്പതിമാരുടെ പേരിൽ കേസ്

ചക്കരക്കല്ല് : യൂറോപ്യൻ രാജ്യത്തേക്ക് വിസ വാഗ്ദാനം ചെയ്ത് 5.25 ലക്ഷം രൂപ തട്ടിയെടുത്തതിൽ ദമ്പതിമാരുടെ പേരിൽ കേസെടുത്തു. സൗത്ത് തൃക്കരിപ്പൂർ കക്കുന്നത്തെ ശ്യാമിലി, ഭർത്താവ് പി.വി പ്രമോദ് കുമാർ എന്നിവർക്കെതിരെയാണ് ചക്കരക്കൽ പോലീസ് കേസ് എടുത്തത്. മാച്ചേരിയിലെ കെ.വി. അരുണിന്റെ പരാതിയിലാണ് കേസ്.
യൂറോപ്പിലെ മാൾട്ടയിലേക്ക് അരുണിനും ഭാര്യക്കുമുള്ള വിസ നൽകാമെന്ന് വിശ്വസിപ്പിച്ച് 2022 ഏപ്രിൽ അഞ്ചിനും ജൂലായ് 22-നും ഇടയിലാണ് ഏഴരലക്ഷം രൂപ വാങ്ങിയത്. വിസ ലഭിക്കാത്തതിനെ തുടർന്ന് പണം തിരിച്ച് ചോദിച്ചപ്പോൾ രണ്ടേകാൽ ലക്ഷം രൂപ തിരിച്ച് നൽകിയെങ്കിലും ബാക്കി പണം നൽകാതെ വഞ്ചിച്ചു എന്നാണ് കേസ്.