കോളയാട് മേഖലയിൽ ആനക്കലി തീരുന്നില്ല; വീണ്ടും കൃഷി നശിപ്പിച്ചു

കോളയാട് : കൊമ്മേരി , കറ്റിയാട്, പെരുവ മേഖലയിൽ വെള്ളിയാഴ്ച പുലർച്ചെയും കാട്ടാനകളിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. നരിക്കോടൻ ഗംഗാധരന്റെ 150-ഓളം കുലച്ച വാഴകളാണ് നശിപ്പിച്ചത്. പെരുവയിലെ പി. രാജൻ, രജിത, രാജു, ബാബു എന്നിവരുടെ 500-ഓളം വാഴകളും നൂറോളം കവുങ്ങ്, തെങ്ങ്, കപ്പ എന്നിവയും കാട്ടാനക്കൂട്ടം നശിപ്പിച്ചു.
കഴിഞ്ഞ അഞ്ച് ദിവസങ്ങളായി പെരുവ വാർഡിലെ ചെമ്പുക്കാവിൽ കാട്ടാനകൾ കൃഷി നശിപ്പിച്ചിരുന്നു. ഇവിടെ നിന്നും തുരത്തിയ കാട്ടാനകളാണ് കറ്റിയാട് ഇറങ്ങിയതെന്ന് കർഷകർ പറയുന്നു. തുടർച്ചയായ ആറാം ദിവസമാണ് കാട്ടാനകൾ മേഖലയിൽ ജനവാസകേന്ദ്രങ്ങളിലെത്തി കൃഷി നശിപ്പിക്കുന്നത്. ആനകളെ തുരത്താൻ അധികൃതർ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നാണ് ആക്ഷേപം.