പരാതി നൽകിയതിന് ആത്മഹത്യ ചെയ്‌താൽ പ്രേരണക്കുറ്റമാകില്ല

കൊച്ചി : അധികാരികൾക്ക് പരാതി നൽകിയതിന്റെ പേരിൽ ആരെങ്കിലും ആത്മഹത്യ ചെയ്താൽ പരാതിക്കാരനെതിരെ പ്രേരണക്കുറ്റം ചുമത്താനാകില്ലെന്ന് ഹൈക്കോടതി. അധികാരികൾക്ക് പരാതി നൽകാനും അന്വേഷണം നടത്തിക്കാനും ഏതൊരു വ്യക്തിക്കും അർഹതയുണ്ടെന്നും ജസ്‌റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി. ആർക്കെങ്കിലുമെതിരെ പൊലീസിൽ പരാതി നൽകുന്നത് ആത്മഹത്യാപ്രേരണയായി കാണാനാകില്ലെന്നും കോടതി വ്യക്തമാക്കി.
2016 മാർച്ച് ആറിന് ആത്മഹത്യ ചെയ്ത ചാവക്കാട് സ്വദേശിയുടെ മരണക്കുറിപ്പാണ് കേസിനാധാരം. തൃശൂർ തൈക്കാട് സ്വദേശികളായ മുരളി, ഭാര്യ സജിനി എന്നിവരാണ് തന്റെ മരണത്തിന് ഉത്തരവാദികളെന്നായിരുന്നു ആത്മഹത്യാക്കുറിപ്പ്. ഇതുമായി ബന്ധപ്പെട്ട് ചാവക്കാട് പൊലീസെടുത്ത കേസിലെ അന്തിമ റിപ്പോർട്ട് ചോദ്യം ചെയ്‌താണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്. പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോഴാണ് ചാവക്കാട് സ്വദേശി ജീവനൊടുക്കിയതെന്നും ഹർജിക്കാർ ബോധിപ്പിച്ചു. ആത്മഹത്യാക്കുറിപ്പിൽ പേരുള്ളതിനാൽ ഹർജിക്കാർ വിചാരണ നേരിടണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഹർജി പരിഗണിച്ച കോടതി പരാതിക്കാർക്കെതിരായ പൊലീസ് റിപ്പോർട്ടും ചാവക്കാട് മജിസ്ട്രേട്ട് കോടതി നടപടികളും റദ്ദാക്കി.