എപ്പോഴും പലതും മറന്നുപോകാറുണ്ടോ?; എങ്കില്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കൂ

Share our post

ഓർമ്മക്കുറവ് നമ്മളിൽ പലരേയും അലട്ടുന്ന പ്രശ്നമാണ്. അത്യാവശ്യഘട്ടങ്ങളിൽ മറവി നമ്മൾക്ക് പല വെല്ലുവിളികളും ഉയർത്താറുണ്ട്. ഓർമ്മക്കുറവിനെ നിസാരമായി തള്ളിക്കളയരുത്. ഓർമ്മക്കുറവ്, ചിന്തയിലെ ബുദ്ധിമുട്ടുകൾ, ശ്രദ്ധിക്കാനാവാത്ത അവസ്ഥ തുടങ്ങിയവ ഡിമെൻഷ്യയുടെ ലക്ഷണങ്ങളുമാകാം. ഡിമെൻഷ്യ സാധ്യത കുറയ്ക്കാനും ഓർമ്മ കൂട്ടാനും സഹായിക്കുന്ന ഭക്ഷണങ്ങളെ അറിഞ്ഞിരിക്കാം.

സാൽമൺ, അയല, മത്തി തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങൾ ഡയറ്റിൽ നിർബന്ധമായും ഉൾപ്പെടുത്തണം. ഇവയെല്ലാം ഒമേഗ -3 ഫാറ്റി ആസിഡുകളുടെ മികച്ച സ്രോതസാണ്. ഇവ തലച്ചോറിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തും.

ഡാർക്ക് ചോക്ലേറ്റിൽ ഫ്ളേവനോയ്‌ഡുകൾ, കഫീൻ, ആൻ്റി ഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇതും ഓർമ്മക്കുറവിനെ പ്രതിരോധിക്കുകയും തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെട്ടതാക്കുകയും ചെയ്യും. നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ഇതിനെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്.

ഇലക്കറികൾ കഴിക്കുന്നതും തലച്ചോറിൻ്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. വിറ്റാമിനുകളായ കെ, ഇ, ഫോളേറ്റ്, ആൻ്റി ഓക്‌സിഡന്റുകൾ തുടങ്ങിയവ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് ഡിമെൻഷ്യ സാധ്യത കുറയ്ക്കാനും ഓർമ്മശക്തി കൂട്ടാനും സഹായിക്കും. അതിനാൽ ചീര പോലെയുള്ള ഇലക്കറികൾ ഡയറ്റിൽ നിർബന്ധമായും ഉൾപ്പെടുത്തണം.

ബ്ലൂബെറി, സ്ട്രോബെറി, ബ്ലാക്ക്ബെറി തുടങ്ങിയ ബെറിപ്പഴങ്ങളിൽ ആന്റി ഓക്സ‌ിഡന്റുകൾ കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിലെ കോശങ്ങളെ കേടുപാടുകളിൽനിന്ന് സംരക്ഷിക്കാൻ ഗുണം ചെയ്യും. ആരോഗ്യകരമായ കൊഴുപ്പുകൾ, ആൻ്റി ഓക്‌സിഡന്റുകൾ, വിറ്റാമിൻ ഇ എന്നിവയാൽ സമ്പുഷ്ടമാണ് നട്‌സുകൾ. ഇവയെല്ലാം തലച്ചോറിൻ്റെ ആരോഗ്യം മികച്ചതാക്കും.

ഗ്രീൻ ടീയിൽ നിരവധി ആൻ്റി ഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇതും തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ഡിമെൻഷ്യ സാധ്യത കുറയ്ക്കുകയും മറവിയെ ചെറുക്കാൻ സഹായിക്കുകയും ചെയ്യും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!