തലശ്ശേരിയിൽ ട്രാഫിക് ക്രമീകരിക്കുന്നു

തലശ്ശേരി : പുതിയ ബസ് സ്റ്റാൻഡിൽ ട്രാഫിക് ക്രമീകരണം ഏർപ്പെടുത്താൻ നഗരസഭാ ചെയർപേഴ്സൺ കെ.എം. ജമുനാറാണിയുടെ അധ്യക്ഷതയിൽ നടന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം തീരുമാനിച്ചു. കോഴിക്കോട് ഭാഗത്തുനിന്ന് വരുന്ന ദീർഘദൂര ബസുകൾ ലോഗൻസ് റോഡ് വഴി-മണവാട്ടി കവലയിലൂടെ സ്റ്റാൻഡിനകത്ത് പ്രവേശിക്കാതെ പഴയ ട്രാഫിക് ഐലൻഡിനു സമീപം നിർത്തി ആളുകളെ കയറ്റിയശേഷം ഓട്ടോ സ്റ്റാൻഡിന് സമീപത്തുകൂടി ഒ.വി. റോഡിലൂടെ പോകണം. കണ്ണൂരിലേക്ക് പോകുന്ന ഓർഡിനറി ബസുകൾ നിലവിലുള്ളതുപോലെ സ്റ്റാൻഡിൽനിന്ന് ആളുകളെ കയറ്റി തിരുവങ്ങാട് വില്ലേജ് ഓഫീസിന് മുൻവശത്തുകൂടി പുറത്തേക്ക് പോകണം.
മമ്പറം -അഞ്ചരക്കണ്ടി-അണ്ടലൂർ ബസുകൾ ലോഗൻസ് റോഡ്- മണവാട്ടി കവല വഴി പച്ചക്കറി സ്റ്റാൻഡിനടുത്തുള്ള സിറ്റി ബസ്‌സ്റ്റാൻഡിൽ പ്രവേശിക്കണം.ഈ ബസുകൾ എൻ.സി.സി റോഡ് വഴി സ്റ്റാൻഡിൽ കയറരുത്. പച്ചക്കറി സ്റ്റാൻഡിനടുത്ത് ബസുകൾക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള പഴം-പച്ചക്കറി കച്ചവടം നിയന്ത്രിക്കും. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ദീർഘദൂര ബസുകൾക്കുവേണ്ടി വടകര ബസ് ലോബിക്ക് സമീപം ഒരു പുതിയ ബസ് ലോബി നിർമിക്കും. എൻ.സി.സി. റോഡിൽനിന്ന് ബസ്‌സ്റ്റാൻഡിൽ കയറുന്ന ഭാഗത്ത് ബസുകളുടെ വേഗം നിയന്ത്രിക്കാൻ സ്പീഡ് ബ്രേക്കർ സ്‌ഥാപിക്കും. ബസ് സ്റ്റാൻഡിൽ വാഹനങ്ങളുടെ ടയർ മാറ്റുന്നതുൾപ്പെടെ അറ്റകുറ്റപ്പണി നടത്താൻ പാടില്ല. കടൽപ്പാലത്തിനുസമീപം വൈകിട്ട് മൂന്ന് മുതൽ പുലർച്ചെ മൂന്ന് വരെ വാഹനഗതാഗതം നിരോധിക്കാൻ യോഗം ശുപാർശചെയ്തു. പഴയ ബസ്‌സ്റ്റാൻഡിലെ പാർക്കിങ് ഏരിയ ക്രമപ്പെടുത്തും.