പിഴയും ഉപദേശവുമല്ല, സ്പീഡ് ഗവര്‍ണര്‍ വിച്ഛേദിച്ച് ഓടുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്ന് എം.വി.ഡി

Share our post

വേഗപ്പൂട്ട് വിച്ഛേദിച്ച് ഓടുന്ന വാഹനങ്ങള്‍ ഉടന്‍ കസ്റ്റഡിയിലെടുക്കാന്‍ മോട്ടോര്‍വാഹന വകുപ്പ് തീരുമാനിച്ചു. വേഗം കൂട്ടാനായി ദീര്‍ഘദൂര ബസ്സുകള്‍ ഉള്‍പ്പെടെയുള്ളവ പൂട്ടു വിച്ഛേദിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പിഴ അടയ്ക്കുന്നതിനൊപ്പം ഇവ വീണ്ടും പിടിപ്പിച്ചാലേ വാഹനം വിട്ടുകൊടുക്കൂ. മുന്‍പ് പിഴയടച്ചു പോകാമായിരുന്നു. ഒരിടവേളയ്ക്കുശേഷം ടൂറിസ്റ്റ് ബസ്സുകള്‍ക്കു രൂപമാറ്റം വരുത്തുന്നതു കൂടിയതായും വകുപ്പിനു വിവരം ലഭിച്ചു. കുറച്ചുനാളുകള്‍ക്ക് മുന്‍പ് ഇത്തരം മാറ്റങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിച്ചിരുന്നു. പരിശോധന കുറഞ്ഞപ്പോള്‍ വീണ്ടും ലേസര്‍ ലൈറ്റുകളും അനധികൃത അലങ്കാരപ്പണികളും കൂടുന്നതായി കണ്ടെത്തി.

ഹൈക്കോടതിയും വിഷയം വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തി. അതിനാല്‍ ഇതിനെതിരേയും കര്‍ശന നടപടിയുണ്ടാകും. സുരക്ഷയെ ബാധിക്കുന്ന അനധികൃത വെളിച്ചം മാറ്റിയാലേ വാഹനം ഓടിക്കാന്‍ അനുവദിക്കൂ. മറ്റു സ്വകാര്യ വാഹനങ്ങളുടെ രൂപമാറ്റങ്ങള്‍ക്കെതിരേയും നടപടിയുണ്ടാകും. കാറില്‍ കുളമൊരുക്കിയ സംഭവമാണ് ഇതിനു വകുപ്പിനെ പ്രേരിപ്പിച്ചത്. കഴിഞ്ഞദിവസം ചേര്‍ന്ന ഉന്നതലയോഗത്തില്‍ പ്രത്യേക പരിശോധന നടത്താനും നിയമലംഘകര്‍ക്കെതിരേ നടപടിയെടുക്കാനും നിര്‍ദേശം നല്‍കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!