വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയെത്താത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിന് ഒൻപതുവർഷം തടവും പിഴയും

തളിപ്പറമ്പ് : വിവാഹവാഗ്ദാനം നൽകി പ്രായപൂർത്തിയെത്താത്ത പെൺകുട്ടിയെ കർണാടകയിലേക്ക് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവിന് ഒൻപത് വർഷം തടവും 60,000 രൂപ പിഴയും ശിക്ഷ. വലിയ അരീക്കാമലയിലെ വാളിയാങ്കൽ വീട്ടിൽ ബിപിൻ കുര്യൻ (35) നെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷിച്ചത്. 2017 മാർച്ച് 16 നായിരുന്നു കേസിനാസ്പദമായ സംഭവം.
കർണാടക പൂത്തൂരിലെ വെടബട്ട എന്ന സ്ഥലത്തെത്തിച്ചാണ് പ്രതി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. പയ്യന്നൂർ സി.ഐ.യായിരുന്ന എം.പി. ആസാദാണ് പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. മൂന്ന് വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ഷെറിമോൾ ജോസ് ഹാജരായി.