ഒ.ടി.ടി കച്ചവടത്തട്ടിപ്പ്: മലയാളത്തിലെ മുൻനിര നിർമാതാവും നടനും തട്ടിപ്പുകാരുടെ വലയിൽ വീണു; റിപ്പോർട്ട്

കൊച്ചി: സിനിമകളുടെ ഒ.ടി.ടി. കച്ചവടത്തിന്റെപേരിൽ തട്ടിപ്പുനടത്തുന്ന സംഘത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. വ്യാജരേഖകൾ ഉൾപ്പെടെ കാണിച്ചാണ് സംഘം നിർമാതാക്കളിൽനിന്ന് പണം വാങ്ങുന്നത്. മലയാളത്തിലെ ഒരു മുൻനിര നിർമാതാവും നടനും ഇവരുടെ വലയിൽ വീണതായാണ് വിവരം. സിനിമാ സംബന്ധമായ വാർത്തകളും ആർട്ടിക്കിളുകളും വായിക്കാനും വീഡിയോകൾ കാണാനും വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ .കൊച്ചിയിലെ പഞ്ചനക്ഷത്രഹോട്ടൽ താവളമാക്കിയാണ് നിരോധിക്കപ്പെട്ട സംഘടനയുടെ മുൻകാലനേതാവിന്റെ നേതൃത്വത്തിലുള്ള തട്ടിപ്പുസംഘം പ്രവർത്തിക്കുന്നത്. ചിത്രം ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ ജിയോ സിനിമയിൽ വിറ്റുതരാമെന്നും ഇതിന് മുംബൈയിലും ഡൽഹിയിലുമുള്ള ഇടനിലക്കാർക്ക് പണം നൽകണമെന്നുമാണ് ആദ്യം പറയുക. അടുത്തദിവസങ്ങളിൽ ഡൽഹിയിൽ നിന്നാണെന്നുപറഞ്ഞ് വീഡിയോകോൾ വിളിച്ച് ചില രേഖകൾ കാണിക്കും.
ഒ.ടി.ടി. കച്ചവടക്കരാർ തയ്യാറായിട്ടുണ്ടെന്നും ഇടനിലക്കാർക്ക് 15 ലക്ഷത്തോളം രൂപ നൽകണമെന്നും നിർമാതാക്കളോട് പറയും. നിർമാതാക്കളുടെ വലുപ്പമനുസരിച്ച് ആദ്യ ഗഡുവായി രണ്ടുലക്ഷം രൂപമുതലുള്ള തുകയാണ് വാങ്ങുക.കേന്ദ്രസർക്കാരിൽ പ്രാതിനിധ്യമുള്ള ഒരു പാർട്ടിയുടെ നേതാവാണെന്നും അതിലെ ഉന്നതരുമായി ബന്ധമുണ്ടെന്നുമാണ് തട്ടിപ്പുസംഘത്തിന് നേതൃത്വം നൽകുന്നയാൾ നിർമാതാക്കളോട് പറഞ്ഞിട്ടുള്ളത്. തെളിവിനായി ഫോട്ടോകളും കാണിക്കും. ചിത്രം ഒ.ടി.ടി.യിൽ വിൽക്കുമ്പോൾ കിട്ടുന്ന തുകയുടെ 25 ശതമാനമാണ് കമ്മിഷനായി ആവശ്യപ്പെടാറ്. 15 ശതമാനം തനിക്കും ബാക്കി ഒ.ടി.ടി.പ്ലാറ്റ്‌ഫോമിലെ ഇടനിലക്കാർക്കുമെന്നായിരിക്കും വിശദീകരണം. ആദ്യഘട്ടത്തിൽ നൽകുന്ന പണം ഇടനിലക്കാരുടെ കമ്മിഷനിൽനിന്ന് കുറയ്ക്കാമെന്നും പറയും. പണം വാങ്ങിയശേഷവും തുടർനടപടികളുണ്ടാകാഞ്ഞതോടെയാണ് നിർമാതാക്കളിൽ ചിലർ പരാതിയുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ സമീപിച്ചത്. തുടർന്ന് അസോസിയേഷൻ ജിയോ സിനിമയെ ബന്ധപ്പെടുകയും അവർക്ക് ഇടനിലക്കാരില്ലെന്ന് ഉറപ്പുവരുത്തുകയുമായിരുന്നു.