ഇൻകമിങ് കോളുകൾ ലഭിച്ചില്ല; ബി.എസ്.എൻ.എൽ. നഷ്ടം നൽകണമെന്ന് വിധി

തൃശ്ശൂർ : ഫോണിൽ ഇൻകമിങ് കോൾ ലഭിക്കാത്തത് ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് ഉപഭോക്തൃകോടതിയുടെ അനുകൂലവിധി. പൊയ്യ പൂപ്പത്തി എളംതോളി വീട്ടിൽ ഇ.ടി. മാർട്ടിൻ ഫയൽ ചെയ്ത ഹർജിയിലാണ് ബി.എസ്.എൻ.എൽ. മാള ടെലിഫോൺ എക്സ്ചേഞ്ചിലെ സബ് ഡിവിഷണൽ എൻജിനീയർക്കെതിരേയും തൃശ്ശൂരിലെ ജനറൽ മാനേജർക്കെതിരേയും വിധി വന്നത്. മാർട്ടിന്റെ ഫോണിലേക്ക് ഇൻകമിങ് കോൾ ലഭിക്കാത്തതിൽ ബി.എസ്.എൻ.എൽ.ന് പരാതി നൽകിയെങ്കിലും പരിഹരിച്ചില്ല.
തുടർന്നാണ് ഹർജി ഫയൽ ചെയ്തത്. ഇടിമിന്നൽ കാരണം ഫോണിന് തകരാർ സംഭവിച്ചെന്ന എതിർകക്ഷികളുടെ വാദം കോടതി അംഗീകരിച്ചില്ല. മിന്നലേറ്റാണ് തകരാർ സംഭവിച്ചതെങ്കിൽ പുറത്തേക്കുള്ള വിളികൾ (ഔട്ട്ഗോയിങ്) എങ്ങനെയാണ് ലഭിച്ചിരുന്നതെന്ന് കോടതി നിരീക്ഷിച്ചു. എതിർകക്ഷികളുടെ വാദം യുക്തിസഹമല്ലെന്ന് വിലയിരുത്തിയ ഉപഭോക്തൃകോടതി ഹർജിക്കാരന് നഷ്ടപരിഹാരമായി 5,000 രൂപയും ചെലവിലേക്ക് 1500 രൂപയും നൽകാൻ ഉത്തരവിട്ടു. ഹർജിക്കാരനുവേണ്ടി അഡ്വ. എ.ഡി. ബെന്നി ഹാജരായി.