ഡൽഹി മദ്യനയ കേസ്; അരവിന്ദ് കെജ്‌രിവാളിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി: മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എ.എ.പി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. കെജ്‌രിവാളിനെ ഡൽഹി റൗസ് അവന്യൂ കോടതിയിൽ ഹാജരാക്കിയ സി.ബി.ഐ അദ്ദേഹത്തെ കസ്റ്റഡിയിൽ വിടണമെന്ന് ആവശ്യപ്പെടുകയായിരിന്നു.
കോടതിമുറിയിൽ ചോദ്യംചെയ്യാൻ അനുമതി നൽകിയ കോടതി അറസ്റ്റിലേക്ക് നയിക്കുന്ന രേഖകൾ ഹാജരാക്കാൻ നിർദേശിച്ചു. തുടർന്നാണ് അറസ്റ്റ് ചെയ്യാൻ അനുമതി നൽകിയത്.
അരവിന്ദ് കെജ്‌രിവാളിനെ തിഹാർ ജയിലിൽ സി.ബി.ഐ. ചൊവ്വാഴ്ച രാത്രി ചോദ്യംചെയ്തിരുന്നു. ബുധനാഴ്ച കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വേണമെന്ന് സി.ബി.ഐ. ആവശ്യപ്പെട്ടേക്കുമെന്ന് സൂചനകളുണ്ടായിരുന്നു.
കെജ്‍രിവാളിന് വിചാരണക്കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി ചൊവ്വാഴ്ച സ്റ്റേ ചെയ്തിരുന്നു. ഇത് ചോദ്യംചെയ്തുള്ള കെജ്‍രിവാളിന്റെ ഹർജി ബുധനാഴ്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സി.ബി.ഐ.യുടെ നാടകീയനീക്കം.