നിമിഷപ്രിയയുടെ മോചനം; പ്രാരംഭ ചർച്ചയ്‌ക്കുള്ള മുഴുവൻ പണവും സമാഹരിച്ചു

Share our post

കൊച്ചി : യമനിൽ വധശിക്ഷയ്‌ക്ക്‌ വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ മോചിപ്പിക്കാൻ പ്രാരംഭ ചർച്ചകൾക്കായുള്ള മുഴുവൻ പണവും സമാഹരിച്ചു. സേവ്‌ നിമിഷപ്രിയ ഇന്റർനാഷണൽ ആക്‌ഷൻ കൗൺസിലാണ്‌ പ്രാരംഭ ചർച്ചകൾക്ക്‌ ഇനി ആവശ്യമായുള്ള 20,000 ഡോളർ (16,71,000 രൂപ) സുമനസ്സുകളിൽ നിന്ന്‌ സംഭാവനയായി കണ്ടെത്തിയത്‌. വിദേശമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചശേഷം തുക എംബസിക്ക്‌ കൈമാറും. പ്രാരംഭ ചർച്ചകൾക്ക്‌ ആവശ്യമായ മുഴുവൻ പണവും ഇതോടെ കണ്ടെത്താനായി. ആക്‌ഷൻ കൗൺസിൽ ആദ്യം സമാഹരിച്ച 20,000 ഡോളർ വിദേശമന്ത്രാലയത്തിന്റെ അനുമതിപ്രകാരം അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്നു. വിദേശമന്ത്രാലയത്തിന്റെ, ഡൽഹി എസ്ബിഐ അക്കൗണ്ടിൽനിന്ന്‌ യമനിലെ ഇന്ത്യൻ എംബസിയുടെ അക്കൗണ്ടിലേക്ക് തുടർന്ന്‌ തുക കൈമാറും. പിന്നീട് എംബസി അഭിഭാഷകൻ അബ്ദുള്ള അമറിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ഈ തുക കൈമാറും.

കൊല്ലപ്പെട്ട യമൻ യുവാവ് തലാലിന്റെ കുടുംബവുമായി പ്രാരംഭ ചർച്ച നടത്തുന്നതിന് ആവശ്യമായ ചെലവിനാണ് 40,000 ഡോളർ (33.36 ലക്ഷം രൂപ) ഉപയോഗിക്കുക. ചർച്ച നടത്തിയാൽമാത്രമേ അവർ ദിയാധനം സ്വീകരിച്ച് മാപ്പ് നൽകുമോയെന്നും എത്ര തുക ആവശ്യപ്പെടുമെന്നും അറിയാനാകൂ.തലാൽ അബ്ദുൾ മഹ്ദിയെന്ന യമൻ പൗരനെ അവിടെ നഴ്സായിരുന്ന പാലക്കാട് കൊല്ലങ്കോട് തേക്കിൻചിറ സ്വദേശിനി നിമിഷപ്രിയ കൊലപ്പെടുത്തിയെന്നാണ് കേസ്. 2020-ൽ സനയിലെ വിചാരണക്കോടതി നിമിഷയ്ക്ക് വധശിക്ഷ വിധിച്ചു. 2023 നവംബറിൽ യമനിലെ സുപ്രീം ജുഡീഷ്യൽ കൗൺസിലിൽ നൽകിയ അപ്പീലും നിരസിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!