കണ്ണൂരിൽ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 13-കാരി മരിച്ചു

Share our post

കണ്ണൂർ : കേരളത്തിൽ വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട്ടെ സ്വകാര്യാസ്പത്രിയിൽ ചികിത്സയിൽ ഇരിക്കെ മരിച്ച പെൺകുട്ടിക്ക് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കണ്ണൂർ തോട്ടടയിലെ രാഗേഷ് ബാബുവിൻ്റേയും ധന്യ രാഗേഷിൻ്റേയും മകൾ ദക്ഷിണ (13)യ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജൂൺ 12-നാണ് കുട്ടി മരിച്ചത്. മരണ കാരണം അത്യപൂർവ്വ അമീബയെന്നാണ് പരിശോധനാ ഫലം.

തലവേദനയും ചർദ്ദിയും ബാധിച്ച് കണ്ണൂർ ചാലയിലെ സ്വകാര്യാസ്പത്രിയിലാണ് കുട്ടി ആദ്യം ചികിത്സ തേടിയത്. പിന്നീട് ആരോഗ്യസ്ഥിതി മോശമായതോടെ കോഴിക്കോട്ടെ സ്വകാര്യാസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. സ്‌കൂളിൽ നിന്ന് മൂന്നാറിലേക്ക് പഠനയാത്ര പോയ സമയത്ത് കുട്ടി പൂളിൽ കുളിച്ചിരുന്നു. ഇതാണ് രോഗബാധക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

സാധാരണ അമീബ ശരീരത്തിൽ പ്രവേശിച്ചാൽ അഞ്ച് ദിവസംകൊണ്ട് രോഗ ലക്ഷണങ്ങൾ കാണുകയും വളരെ പെട്ടന്നുതന്നെ ആരോഗ്യസ്ഥിതി മോശമാവുകയും ചെയ്യാറാണ് പതിവെങ്കിൽ, ഈ കുട്ടിക്ക് പൂളിൽ കുളിച്ച് മൂന്നര മാസം കഴിഞ്ഞാണ് രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. ജനുവരി 28-ന് യാത്രപോയ കുട്ടിക്ക് മെയ് എട്ടിനാണ് രോഗലക്ഷണം കണ്ടു തുടങ്ങിയത്.

നട്ടെല്ലിൽ നിന്നുള്ള നീരിൻ്റെ പരിശോധനയിൽ അമീബിക് ട്രോഫോ സോയിഡ്‌സ് കാണപ്പെടുകയും അമീബിക് മെനിൻഞ്ചോ എൻസെഫലൈറ്റസിന് ഉള്ള ആറ് മരുന്നുകൾ കുട്ടിക്ക് നൽകുകയും ചെയ്‌തിരുന്നു. എന്നാൽ ഇത് മുൻപ് റിപ്പോർട്ട് ചെയ്ത അമീബിക് മെനിഞ്ചൈറ്റിസിൽ നിന്ന് വ്യത്യസ്‌തമായതിനാൽ അമീബിക് സ്പീഷീസ് ഏതെന്ന് കണ്ടെത്താനുള്ള പരിശോധനകൾ നടത്തിയിരുന്നുവെന്ന് കുട്ടിയെ ചികിത്സിച്ച ആസ്പത്രിയിലെ കൺസൾട്ടന്റ് പീഡിയാട്രിക് ഇൻ്റൻസിവിസ്റ്റ് ഡോക്‌ടർ അബ്‌ദുൾ റൗഫ് പറഞ്ഞു.

വെർമമീബ വെർമിഫോമിസ് എന്ന അപൂർവ അമീബയുടെ സാന്നിധ്യമാണ് ഈ പരിശോധനയിൽ കണ്ടെത്തിയത്. ഈ കേസ് ലോകത്തുതന്നെ അപൂർവമായതിനാൽ രോഗാണുവിൻ്റെ ഇൻക്യൂബേഷൻ പിരീഡ് ഉൾപ്പടെയുളള കാര്യങ്ങൾ കണ്ടെത്താൻ വിദഗ്ദ‌പഠനം ആവശ്യമാണെന്നും ഡോക്ട‌ർ അറിയിച്ചു.

അമീബിക് മസ്തിഷ്‌ക ജ്വരം രണ്ടുരീതിയിൽ കാണപ്പെടാമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. പെട്ടന്നുതന്നെ രോഗം മൂർച്ഛിക്കുന്ന പ്രൈമറി അമീബിക് മെനിൻകോ എൻസെഫലൈറ്റിസ്, പതിയെ രോഗം മൂർച്ഛിക്കുന്ന ഗ്രാനുലോമസ് അമീബിക് എൻസെഫലൈറ്റിസ് എന്നിവയാണവ. 95 ശതമാനം മുതൽ 100 ശതമാനം വരെയാണ് മോർട്ടാലിറ്റി റേറ്റ്.

അമീബിക് മസ്തിഷ്‌ക ജ്വരം ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് പടരില്ലെങ്കിലും സമീപകാലത്ത് ഇത്തരം കേസുകൾ അടുപ്പിച്ച് റിപ്പോർട്ട് ചെയ്‌തതിനാൽ പൊതുജനങ്ങളും ഡോക്‌ടർമാരും ഇതേക്കുറിച്ച് അവബോധം പുലർത്തണമെന്നും ഡോക്‌ടർ റൗഫ് പറയുന്നു. സ്വിമിങ് പൂൾ ഉൾപ്പടെ കൃത്രിമമായി വെള്ളം കെട്ടിനിർത്തുന്ന എല്ലാ ജല സ്ത്രോസ്സുകളിലും ഇത്തരം അമീബ കാണപ്പെടാം. അതിനാൽ പൊതുജനങ്ങൾ ഉപയോഗിക്കുന്ന വെള്ളം കെട്ടിനിൽക്കുന്ന എല്ലാ ജല സ്രോതസ്സുകളും പ്രോട്ടോക്കോൾ പ്രകാരം കൃത്യമായി ക്ലോറിനേഷൻ നടത്തി ശുചീകരിക്കേണ്ടതും അനിവാര്യമാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!