ദേശീയപാത നിര്‍മാണത്തിനുള്ള ഒമ്പതുലക്ഷം രൂപയുടെ കമ്പികൾ മോഷ്ടിച്ചു; അഞ്ചുപേര്‍ പിടിയില്‍

പന്തീരാങ്കാവ്(കോഴിക്കോട്): ദേശീയപാതാ നിര്‍മാണത്തിനുള്ള കമ്പിമോഷ്ടിച്ച അഞ്ച് അസം സ്വദേശികളെ പന്തീരാങ്കാവ് പോലീസ് അറസ്റ്റുചെയ്തു. അസം ബാര്‍ പേട്ട സ്വദേശികളായ രഹന കാത്തുന്‍, ഐനാല്‍ അലി, മൊയിനല്‍ അലി, ജോയനല്‍ അലി, മിലന്‍ അലി എന്നിവരാണ് പിടിയിലായത്. ദേശീയപാതാ നിര്‍മാണക്കരാര്‍ കമ്പനിയായ കെ.എം.സി.യുടെ ഉപകരാറുകാരായ ജെ.എ.എഫ്.എഫ്. ലിമിറ്റഡിന്റെ വര്‍ക്ക് ഷെഡ്ഡില്‍ കൂട്ടിയിട്ട കമ്പികളാണ് മോഷ്ടിച്ചത്.
ഒമ്പതുലക്ഷംരൂപയുടെ കമ്പികളാണ് മോഷ്ടിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ കൂടത്തുംപാറയ്ക്ക് സമീപമുള്ള വര്‍ക്ക്‌ഷെഡ്ഡില്‍ നിന്നും കമ്പി മോഷണംനടത്തുകയായിരുന്ന രണ്ടുപേരെ സെക്യൂരിറ്റി ജീവനക്കാരാണ് പിടിച്ച് പന്തീരാങ്കാവ് പോലീസില്‍ ഏല്പിച്ചത്. തുടര്‍ന്ന്‌നടത്തിയ ചോദ്യംചെയ്യലിനുശേഷമാണ് മൂന്നുപേരെക്കൂടി പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ പലസ്ഥലങ്ങളിലായി വാടകയ്ക്ക് താമസിച്ച് മോഷണംനടത്തുന്നവരാണ്.
പന്തീരാങ്കാവ് പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി. വിനോദ്കുമാര്‍, എസ്.ഐ. കെ.പി. മഹീഷ്, എ.എസ്.ഐ. ഷംസുദ്ദീന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ലൈലാബി, പ്രമോദ്, ബഷീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.