സഹകരണ ബാങ്കുകൾക്ക് ഏകീകൃത സോഫ്റ്റ്‌വെയർ; സേവനച്ചെലവ് ബാങ്കുകൾ വഹിക്കേണ്ടിവരും

Share our post

പാലക്കാട്:കേരളത്തിലെ സഹകരണബാങ്കുകളിൽ നടപ്പാക്കുന്ന ഏകീകൃത സോഫ്റ്റ്‌വെയർ സംവിധാനത്തിന് സേവനച്ചെലവായി 143 കോടിരൂപ ബാങ്കുകൾ പങ്കിട്ട് നൽകേണ്ടിവരും. 206 കോടിരൂപ ചെലവുവരുന്ന പദ്ധതിയിൽ സോഫ്റ്റ്‌വെയർ സ്ഥാപിക്കുന്നതിനുള്ള 63 കോടിരൂപ സംസ്ഥാനസർക്കാർ നൽകും. കരാറടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതിക്ക് സേവനച്ചെലവായി ഓരോ ബാങ്ക് ശാഖയും പ്രതിമാസം 4,500 രൂപയോളം നൽകേണ്ടിവരുമെന്നാണ് ഏകദേശ കണക്ക്. എന്നാൽ, ഇക്കാര്യത്തിൽ അന്തിമ ഉത്തരവ് ഇറങ്ങിയിട്ടില്ല. വിവിധ സഹകരണ ബാങ്കുകളുടേതായി 4,415 ശാഖകളാണ് കേരളത്തിൽ പ്രവർത്തിക്കുന്നത്.

പദ്ധതി നടപ്പാക്കാൻ ടാറ്റ കൺസൾട്ടൻസി സർവീസ് (ടി.സി.എസ്.) സമർപ്പിച്ച ദർഘാസ് അംഗീകരിച്ചുകൊണ്ട് ഏപ്രിലിൽ സർക്കാർ ഉത്തരവിറക്കിയിരുന്നു. ആറുവർഷത്തെ കരാർ അംഗീകരിച്ചുകൊണ്ടുള്ള ഈ ഉത്തരവിൽ ഒരോമാസവും 143 കോടി രൂപവീതം സംഘങ്ങൾ പങ്കിട്ട് നൽകണമോയെന്ന ആശയക്കുഴപ്പം നിലനിന്നിരുന്നു. എന്നാൽ, സഹകരണബാങ്കിന്റെ ഒരുശാഖയെ അടിസ്ഥാന യൂണിറ്റായി കണക്കാക്കി പ്രതിമാസം വരുന്ന ചെലവ് വഹിക്കാനാണ് ഇപ്പോൾ വകുപ്പ് ആലോചിക്കുന്നത്. രാജ്യത്താകെയുള്ള കാർഷികവായ്പാ സഹകരണസംഘങ്ങളെ പൊതു സോഫ്റ്റ്‌വെയറിൽ കൊണ്ടുവരാനുള്ള പദ്ധതി കേന്ദ്രസർക്കാർ നടപ്പാക്കുന്നുണ്ട്. ഇതിന്റെ ഭാഗമാകാതെ സ്വന്തംനിലയ്‌ക്ക്‌ പദ്ധതി നടപ്പാക്കുകയാണ് കേരളം. രാജ്യത്തെ സഹകരണബാങ്കുകളിലെ ആകെ നിക്ഷേപത്തിന്റെ മൂന്നിലൊന്ന് കേരളത്തിലാണെന്നാണ് ഏകദേശ കണക്ക്. ഇതിൽ കേന്ദ്രനിയന്ത്രണം വരുന്നതിലെ എതിർപ്പാണ് കേരളം തനത് സംവിധാനം കൊണ്ടുവരുന്നതിനുള്ള ഒരു കാരണം.

നെടുംതൂണിലെ നിയന്ത്രണം

കേരളത്തിന്റെ സാമ്പത്തിക അടിത്തറയുടെ നെടുംതൂണായി നിൽക്കുന്ന സഹകരണ മേഖലയിൽ ചിലയിടങ്ങളിൽ അടുത്തിടെയുണ്ടായ തട്ടിപ്പുകൾക്ക് തടയിടുക എന്നതുകൂടി പൊതുസോഫ്റ്റ്‌വെയർ നടപ്പാക്കുന്നതിൽ സർക്കാരിന് പ്രേരകമായിട്ടുണ്ട്. ഇപ്പോഴുള്ള വ്യത്യസ്ത കംപ്യൂട്ടർ സംവിധാനത്തിൽ കൂട്ടിച്ചേർക്കലും ഒഴിവാക്കലും ബാങ്കുകൾക്ക് ഇഷ്ടത്തിനനുസരിച്ച് നടത്താം. ഇത് പലപ്പോഴും തട്ടിപ്പിന്‌ ഇടനൽകുന്നുണ്ടെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്ത് രൂപവത്കരിച്ച സഹകരണബാങ്ക് കൺസോർഷ്യം കഴിഞ്ഞ ആറു വർഷത്തിനകം സർക്കാരിന് പതിനേഴായിരത്തിലധികംരൂപ വായ്പയായി അനുവദിച്ച് മികച്ച സാമ്പത്തികപിന്തുണയാണ് നൽകിവരുന്നത്. ക്ഷേമപെൻഷനും കെ.എസ്.ആർ.ടി.സി. പെൻഷനും വിതരണംചെയ്യാനായി എടുത്ത ഈ വായ്പയ്‌ക്ക്‌ സർക്കാർ ഉയർന്ന പലിശയും നൽകുന്നുണ്ട്. ഈരംഗത്ത് നിയന്ത്രണവും നിരീക്ഷണവും വേണമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് പൊതുസോഫ്റ്റ്‌വെയറിന് ശുപാർശ ചെയ്തത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!