കേണിച്ചിറയിലെ കടുവ ‘തോൽപ്പെട്ടി 17’ കൂട്ടിലായി

കൽപ്പറ്റ : നാല് ദിവസമായി വയനാട്ടിലെ കേണിച്ചിറയിൽ വളർത്തുമൃഗങ്ങളെ കൊന്ന് നാടിനെ വിറപ്പിച്ച കടുവ കൂട്ടിലായി. എടക്കാട്ട് കിഴക്കയിൽ കുര്യാക്കോസിന്റെ വീടിന് സമീപം സ്ഥാപിച്ച കൂട്ടിൽ ഞായർ രാത്രി പതിനൊന്നോടെയാണ് ‘തോൽപ്പെട്ടി 17’ എന്ന കടുവ കുരുങ്ങിയത്. മയക്കുവെടിവച്ച് പിടികൂടാനുള്ള ശ്രമം തുടങ്ങിയിരുന്നു. ഇതിനിടയിലാണ് കൂട്ടിലായത്. ശനി രാത്രി കുര്യാക്കോസിന്റെ പശുവിനെയും കടുവ കൊന്നിരുന്നു. ഇതിന്റെ ജഡം ഇരയാക്കി ഞായറാഴ്ചവച്ച കൂട്ടിലാണ് വീണത്.
രാത്രി ഒമ്പതോടെ കടുവ പ്രദേശത്ത് എത്തിയിരുന്നു. ശനി രാത്രി രണ്ട് പശുക്കളെ പിടികൂടിക്കൊന്ന മാളിയേക്കൽ ബെന്നിയുടെ വീടിന്റെ തൊഴുത്തിലാണ് എത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ വീട്ടുകാർ മൊബൈലിൽ പകർത്തിയിരുന്നു. പ്രദേശത്ത് ക്യാമ്പ് ചെയ്തിരുന്ന ആർ.ആർ.ടി സംഘവും ദൗത്യസേനയും ജാഗ്രതയോടെ നീങ്ങുന്നതിനിടയിൽ കടുവ കൂട്ടിലാകുകയായിരുന്നു. ദൗത്യസംഘം കൂടിന് കാവൽ നിൽക്കുന്നുണ്ട്.
വനംമന്ത്രി എ.കെ. ശശീന്ദ്രന്റെ നിർദേശത്തെ തുടർന്ന് കടുവയെ മയക്കുവെടിവച്ച് പിടികൂടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിറക്കിയിരുന്നു.