പരിശീലനം കഴിഞ്ഞെത്തിയപ്പോൾ നിയമനം റദ്ദാക്കി പി.എസ്.സി; ജോലി നഷ്ടപ്പെട്ട് യുവതി

Oplus_131072

Share our post

ആലപ്പുഴ: ഏറെ ആഗ്രഹിച്ചും പരിശ്രമിച്ചും നേടിയ ജോലി കപ്പിനും ചുണ്ടിനുമിടയിൽ കൈവിട്ട് പോകുന്നതിൻ്റെ നടുക്കത്തിലാണ് കുട്ടനാട് കിടങ്ങറ മനാകരി വീട്ടിൽ രേഷ്‌മ.എം.രാജും (32) കുടുംബവും. പി.എസ്.സി. മുഖേന വനം- വന്യജീവി വകുപ്പിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസറായാണ് രേഷ്‌മ ജോലിക്ക് കയറിയത്. തുടർന്ന്, ഒന്നരവർഷത്തെ പരിശീലനത്തിനായി മഹാരാഷ്ട്രയിലെ ഫോറസ്റ്റ് അക്കാദമിയിലേക്ക് പോയി. അതിനിടെ, മറ്റൊരു ഉദ്യോഗാർഥിയുടെ അവകാശവാദം അംഗീകരിച്ച് രേഷ്‌മയുടെ നിയമനം പി.എസ്.സി. റദ്ദാക്കുകയായിരുന്നു.

പരിശീലനം കഴിഞ്ഞ് 18-നാണ് രേഷ്‌മ നാട്ടിലെത്തിയത്. ദേശീയതലത്തിൽ മൂന്നാം റാങ്കോടെയാണ് പരിശീലനം പൂർത്തിയാക്കിയത്. രാജ്യത്തെ വിവിധ അക്കാദമികളിൽ ഒപ്പം പരിശീലനം നേടിയവരെല്ലാം തിങ്കളാഴ്‌ച വനംവകുപ്പിന്റെ വിവിധ ഓഫീസുകളിൽ ജോലിയിൽ പ്രവേശിക്കും. വനംവകുപ്പിൽനിന്ന് വിരമിച്ച അച്ഛന്റെ പാത പിന്തുടർന്ന്, കാടിനെയും പ്രകൃതിയെയും ഏറെയിഷ്‌ടപ്പെട്ടാണ് രേഷ്‌മ ഈ ഉദ്യോഗം തിരഞ്ഞെടുത്തത്. ഫോറസ്ട്രിയിൽ ബിരുദാനന്തരബിരുദം നേടി. ഗവേഷണം അവസാനഘട്ടത്തിലാണ്. പട്ടികജാതി/വർഗ വിഭാഗത്തിനുള്ള പ്രത്യേക വിജ്ഞാപനത്തിലൂടെ റേഞ്ച് ഫോറസ്റ്റ് ഓഫീസർ പരീക്ഷയെഴുതി. 2022 ജൂൺ 23-ന് നിലവിൽവന്ന പട്ടികയിൽ രണ്ടാം റാങ്കോടെ ഇടംനേടി. ഈ തസ്തികയിൽ രണ്ടൊഴിവാണുണ്ടായിരുന്നത്. പി.എസ്.സി.യുടെ നിയമന ശുപാർശ ലഭിച്ച് ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.

ഇതിനിടെയാണ് സംഭവങ്ങളുടെ ഗതിമാറിയത്. തനിക്കാണ് രണ്ടാം റാങ്കിനു യോഗ്യതയെന്നുകാട്ടി പട്ടികയിലെ മൂന്നാംസ്ഥാനത്തുള്ള ഉദ്യോഗാർഥി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ കേസ് കൊടുത്തു. വിധി എതിരായതിനാൽ രേഷ്‌മ ഹൈക്കോടതിയിൽ അപ്പീൽ നൽകി. അത് തള്ളിയപ്പോൾ സുപ്രീംകോടതിയെ സമീപിച്ചു.

ഇതിനിടെ പി.എസ്.സി. കാരണം കാണിക്കൽ നോട്ടീസ് നൽകി. ഇതിനെതിരേ രേഷ്‌മ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. രേഷ്‌മയുടെ പരിശീലനം തുടരാനും സർവീസിൽ താത്കാലികമായി പ്രവേശിപ്പിക്കാനുമായിരുന്നു ഹൈക്കോടതി ഉത്തരവ്. അപ്പീൽ ഉള്ളതിനാൽ അന്തിമതീരുമാനം സുപ്രീംകോടതിയെടുക്കട്ടെയെന്നായി ഹൈക്കോടതി.

എന്നാൽ, കാരണംകാണിക്കൽ നോട്ടീസിനുള്ള മറുപടി തൃപ്‌തികരമല്ലെന്നുകാട്ടി റാങ്കുപട്ടിക പി.എസ്.സി. പുനഃക്രമീകരിച്ചു. ഇതോടെ മൂന്നാം സ്ഥാനത്തുള്ള ഉദ്യോഗാർഥി രണ്ടാം സ്ഥാനത്തേക്കെത്തി. രേഷ്‌മയുടെ നിയമന ഉത്തരവും റദ്ദാക്കി. പരീക്ഷയുടെയും അഭിമുഖത്തിൻ്റെയും അടിസ്ഥാനത്തിൽ മാർക്ക് കണക്കുകൂട്ടിയതിൽ പി.എസ്.സി.ക്കു വന്ന പിശകാണ് തനിക്കു ജോലിനഷ്‌ടപ്പെടാൻ ഇടയാക്കിയതെന്ന് രേഷ്‌മ പറയുന്നു. സുപ്രീംകോടതി വിധി അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് രേഷ്‌മയും കുടുംബവും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!