ഗർഭിണിയായ യുവതി കിടപ്പുമുറിയിൽ മരിച്ച നിലയിൽ; ഭർത്താവ് അറസ്റ്റിൽ

പാലക്കാട്: കരിമ്പ് വെട്ടത്ത് ഗർഭിണിയായ യുവതിയെ ദുരൂഹസാഹചര്യത്തിൽ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. കരിമ്പ് വെട്ടം പടിഞ്ഞാക്കരവീട്ടിൽ സജിതയാണ് (26) മരിച്ചത്. രണ്ട് കുട്ടികളുട അമ്മയായ സജിത ഏഴുമാസം ഗർഭിണിയാണ്. സംഭവത്തെത്തുടർന്ന് മക്കളുമായി വീട് വിട്ടുപോയ ഭർത്താവ് നിഖിലിനെ (28) തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെ സേലത്തുനിന്ന് പിടികൂടിയ പോലീസ് കല്ലടിക്കോട്ടെത്തിച്ച് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച്‌ച രാവിലെ ആറുമണിയോടെയാണ് സംഭവം നാട്ടുകാർ അറിയുന്നത്. തമിഴ്‌നാട്ടിലെ സേലത്തുള്ള നിഖിലിൻ്റെ സഹോദരി വിളിച്ചറിയിച്ചതിനെത്തുടർന്ന് വീട്ടിൽപ്പോയി നോക്കിയ സമീപവാസികളാണ് സജിതയെ കിടപ്പുമുറിയിലെ കട്ടിലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. നിഖിലിനെയും കുട്ടികളെയും കാണാനില്ലായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് കല്ലടിക്കോട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്നു നടത്തിയ അന്വേഷണത്തിൽ നിഖിൽ കുട്ടികളെയും കൂട്ടി സേലത്തേക്ക് യാത്രതിരിച്ചതായി സഹോദരി പോലീസിനെ അറിയിച്ചു. സേലത്ത് ബസിറങ്ങുന്ന സമയത്ത് തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഞായറാഴ് രാത്രിയോടെ കല്ലടിക്കോട് സ്റ്റേഷനിൽ എത്തിച്ച നിഖിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. നിഖിലിനൊപ്പം കല്ലടിക്കോട്ടെത്തിച്ച ഒമ്പതും ആറും വയസ്സുള്ള കുട്ടികളെ പോലീസ് സജിതയുടെ ബന്ധുക്കൾക്ക് കൈമാറി.
നിഖിൽ പതിവായി ഭാര്യയെ ഉപദ്രവിച്ചിരുന്നതായി നാട്ടുകാരിൽനിന്ന് വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു. ശനിയാഴ്‌ച രാത്രിയും വീട്ടിൽ വഴക്ക് നടന്നിരുന്നു. സജിതയുടെ കഴുത്തിൽ ചെറിയ മുറിവുകളുണ്ടായിരുന്നു. ജില്ലാ ആസ്പത്രിയിൽ നടന്ന പോസ്റ്റുമോർട്ടത്തിൽ ശ്വാസംമുട്ടിച്ചതിൻ്റെ പാടുകളും മറ്റ് തെളിവുകളുമുണ്ടെന്ന് ഡോക്‌ടർ സ്ഥിരീകരിച്ചതായും പോലീസ് പറഞ്ഞു.
ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ്, മണ്ണാർക്കാട് ഡിവൈ.എസ്.പി. ടി.എസ്. സിനോജ് എന്നിവർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. കല്ലടിക്കോട് ഇൻസ്പെക്ടർ വി. നിജാമിൻ്റെ നേതൃത്വത്തിൽ എസ്.ഐ. ബാലകൃഷ്ണൻ, എ.എസ്.ഐ. മാരായ ഗീത, നിമ്മി എന്നിവരും അന്വേഷണസംഘത്തിലുണ്ട്. വിരലടയാള വിദഗ്‌ധരും ഡോഗ് സ്ക്വാഡും തെളിവെടുപ്പ് നടത്തി. പഴയലക്കിടി മറ്റത്തുപടിവീട്ടിൽ ചാമിയുടെയും ലക്ഷ്‌മിയുടെയും മകളാണ് സജിത.