രാജസ്ഥാനില്‍ യുവാവിനെ കൊലപ്പെടുത്തി മുങ്ങിയത് കേരളത്തിലേക്ക്; പ്രതിയെ പിടികൂടി മയ്യില്‍ പോലീസ്

മയ്യില്‍(കണ്ണൂര്‍): രാജസ്ഥാനില്‍ സംഘം ചേര്‍ന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളിലൊരാളെ മയ്യില്‍ പോലീസ് പിടികൂടി. രാജസ്ഥാനിലെ ഗംഗാപൂര്‍ ജില്ലയില്‍ ഡോറാവലി ഗ്രാമത്തിലെ സീതാറാം മീണയെ കൊലപ്പെടുത്തിയ കേസില്‍ അതേ ഗ്രാമത്തിലെ രാംകേഷി(27) നെയാണ് മയ്യില്‍ പോലീസ് വലയിലാക്കിയത്. ജൂണ്‍ നാലിനാണ് ബന്ധുവീട്ടിലെ കല്യാണദിവസം രാംകേഷും മറ്റു മൂന്നുപേരും ചേര്‍ന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. അടുത്തദിവസം രാംകേഷ് കേരളത്തിലേക്ക് കടന്നു. കമ്പിലിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ച് ടൈല്‍സിന്റെ ജോലിചെയ്തുവരികയായിരുന്നു. പഴയ സിം കാര്‍ഡ് മാറ്റി പുതിയതെരുവില്‍നിന്ന് പുതിയ കാര്‍ഡെടുത്തു.
രാജസ്ഥാന്‍ പോലീസിന്റെ നിര്‍ദേശപ്രകാരം മൊബൈല്‍ ഫോണ്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ മയ്യില്‍ പോലീസ് തിരിച്ചറിഞ്ഞത്. രാജസ്ഥാനിലുള്ള സുഹൃത്തിനെ മാത്രമാണ് രാംകേഷ് പുതിയ നമ്പറില്‍നിന്ന് വിളിച്ചിരുന്നത്. ഇതാണ് പ്രതിയെ പിടികൂടുന്നതിന് സഹായകമായത്. സിവില്‍ പോലീസ് ഓഫീസര്‍മാരായ വിജില്‍മോന്‍, എം.കെ.മുനീര്‍ എന്നിവരാണ് രാജസ്ഥാന്‍ പോലീസിനൊപ്പം തെളിവുകള്‍ ശേഖരിച്ച് പ്രതിയെ പിടികൂടിയത്. പ്രതിയെ രാജസ്ഥാനിലേക്ക് കൊണ്ടുപോയി.