മോശം പറയാതിരിക്കാൻ പണം ആവശ്യപ്പെടുന്നു; യൂട്യൂബർമാർക്കെതിരെ ഇഡിക്ക് പരാതി നൽകാൻ നിർമാതാക്കൾ

Share our post

കൊച്ചി :സിനിമകൾക്കെതിരേ റിവ്യൂബോംബിങ് നടത്തുന്ന യുട്യൂബർമാരുടെ പേരിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) പരാതി നൽകാനൊരുങ്ങി നിർമാതാക്കൾ. സിനിമയെക്കുറിച്ച് മോശം നിരൂപണം പറയാതിരിക്കാൻ ഇവർ നിർമാതാക്കളിൽ നിന്ന് പണം ആവശ്യപ്പെടുന്നുണ്ടെന്നും ഇടനിലക്കാർ വഴി പണം കൈപ്പറ്റുന്നുണ്ടെന്നുമാണ് പരാതി. ഇവരുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്നും ആവശ്യപ്പെടും. മലയാളത്തിലെ നാലു മുൻനിര സിനിമാറിവ്യൂ യുട്യൂബർമാർക്കെതിരേയാണ് നിർമാതാക്കൾ ഇ.ഡി.യെ സമീപിക്കുന്നത്. ഇവർ നടത്തുന്ന പണമിടപാടുകളുടെ വിശദാംശങ്ങളും യുട്യൂബിൽനിന്നുള്ള വരുമാനവും അന്വേഷിക്കണമെന്നും നിർമാതാക്കൾ ആവശ്യപ്പെടും.

മോശം വിലയിരുത്തൽ പറയാതിരിക്കാൻ അഞ്ചുലക്ഷം രൂപവരെ ഇവരിൽ ചിലർ ആവശ്യപ്പെടുന്നുണ്ടെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷനു മുമ്പാകെ ചില നിർമാതാക്കൾ പരാതിപ്പെട്ടിരുന്നു. സിനിമകളുടെ ഡിജിറ്റൽ പ്രമോഷൻ നടത്തുന്ന ചിലരാണ് ഇവരുടെ ഇടനിലക്കാർ. ഇവരാണ് തുക പറഞ്ഞുറപ്പിക്കുന്നതും യുട്യൂബർമാർക്കുവേണ്ടി പണം കൈപ്പറ്റുന്നതും. പണം എവിടെവച്ച് എങ്ങനെ കൈമാറുന്നുവെന്നത് രഹസ്യമാണ്. സംഘടനയിലുള്ള ചിലർ തങ്ങളുടെ സിനിമയ്ക്ക് അനുകൂലറിവ്യൂ പുറത്തുവിടാൻ പണം കൊടുത്തതായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾ തന്നെ സമ്മതിക്കുന്നു. പക്ഷേ, ഇത് പുറത്തുപറയാനോ പരാതിപ്പെടാനോ ഇവർ തയ്യാറല്ല. മറ്റുള്ളവരുടെ സിനിമകളെ നെഗറ്റീവ് റിവ്യൂവിലൂടെ ആക്രമിക്കാൻ യുട്യൂബർമാർക്ക് പണം നൽകുന്നവരുമുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!