വൈദ്യുതി നിരക്കുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശം; മറുപടിയുമായി കെ.എസ്.ഇ.ബി

കണ്ണൂർ : വൈദ്യുതി ബിൽ സംബന്ധിച്ച വ്യാജ പ്രചരണങ്ങൾക്ക് എതിരെ ജാഗ്രത പുലർത്തണമെന്ന് കെ.എസ്.ഇ.ബി. കെ.എസ്.ഇ.ബി.യുടെ വൈദ്യുതി ബിൽ സംബന്ധിച്ചും തയ്യാറാക്കുന്ന രീതിയെ കുറിച്ചും നിരവധിയായ വ്യാജ സന്ദേശങ്ങളാണ് നവ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എന്നാൽ വൈദ്യുതി താരിഫ് നിശ്ചയിക്കുന്നത് കെ.എസ്.ഇ.ബി അല്ലെന്നും കെ.എസ്.ഇ.ബി.ക്കോ സർക്കാരിനോ ഏകപക്ഷീയമായി വൈദ്യുതി ചാർജ് വർധിപ്പിക്കാൻ ആവില്ലെന്നും ഔദ്യോഗിക ഫെയ്സ്ബുക്കിൽ കുറിച്ചു.
ഫിക്സഡ് ചാർജ്, എനർജി ചാർജ്, ഫ്യുവൽ സർചാർജ്, മീറ്റർ റെൻ്റ്, ഇലക്ട്രിസിറ്റി ഡ്യൂട്ടി തുടങ്ങി പല ഘടകങ്ങൾ ചേർത്താണ് വൈദ്യുതി ബിൽ തയ്യാറാക്കുന്നത്. ഇതോരോന്നും നമുക്ക് ലഭിക്കുന്ന ബില്ലിൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കും. രാജ്യത്ത് നിലവിലുള്ള വൈദ്യുതി നിയമം അനുശാസിക്കുന്നത് പ്രകാരമാണ് വൈദ്യുതി വിതരണ കമ്പനികൾ ഇത്തരത്തിൽ വിവിധ ഘടകങ്ങൾ ചേർത്തുള്ള വൈദ്യുതി ബിൽ തയ്യാറാക്കുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും വൈദ്യുതി ബില്ലിന് ഇതുപോലെ പല ഘടകങ്ങൾ ഉണ്ടാകുമെന്നും കുറിപ്പിൽ പറയുന്നു.