സി.എസ്.ഐ.ആര്‍ നെറ്റ് പരീക്ഷ മാറ്റിവെച്ചു

ന്യൂഡൽഹി : യു.ജി.സി നെറ്റ് റദ്ദാക്കിയതിന് പിന്നാലെ സി.എസ്.ഐ.ആര്‍ നെറ്റ് പരീക്ഷ മാറ്റിവെക്കുന്നതായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. ജൂണ്‍ 25 മുതല്‍ 27വരെ നടത്തേണ്ട പരീക്ഷയാണ് മാറ്റിവെച്ചത്. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളും ലോജിസ്റ്റിക്‌സ് പ്രശ്‌നങ്ങളും മൂലമാണ് പരീക്ഷ മാറ്റിവെക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
വിദ്യാഭ്യാസ മന്ത്രാലയം അടുത്തിടെ യു.ജി.സി നെറ്റ് പരീക്ഷ റദ്ദാക്കിയിരുന്നു. ഇന്ത്യൻ സർവകലാശാലകളിലും കോളേജുകളിലും അസിസ്റ്റൻ്റ് പ്രൊഫസർമാർ, ജൂനിയർ റിസർച്ച് ഫെലോഷിപ്പുകൾ (ജെ.ആർ.എഫ്), പി.എച്ച്.ഡി പ്രവേശനം എന്നിവയ്ക്കുള്ള യോഗ്യത നിർണ്ണയിക്കുന്നതാണ് യു.ജി.സി- നെറ്റ് പരീക്ഷ.
അതേസമയം, ചോദ്യപേപ്പർ ചോർച്ച തടയൽ നിയമം വിജ്ഞാപനം ചെയ്തിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ ഫെബ്രുവരിയിൽ പാസാക്കിയ പബ്ലിക് എക്സാമിനേഷൻ (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ആക്ട് 2024ന്റെ വ്യവസ്ഥകളാണ് വെള്ളിയാഴ്ച ഔദ്യോഗിക ഗസറ്റിലൂടെ വിജ്ഞാപനം ചെയ്തിരിക്കുന്നത്. പൊതുപരീക്ഷകളുടെ ചോദ്യ പേപ്പറുകൾ ചോർത്തുന്നതിന് കടുത്ത ശിക്ഷകളാണ് പുതിയ നിയമം അനുശാസിക്കുന്നത്. സംഘടിത കുറ്റങ്ങൾക്ക് പത്തു വർഷം വരെ തടവും ഒരു കോടി രൂപ പിഴയും കുറ്റവാളികൾക്ക് ലഭിക്കും. ചോദ്യ പേപ്പർ ചോർച്ചയിൽ കുറഞ്ഞ ശിക്ഷ അഞ്ച് വർഷം തടവാണ്. ഔദ്യോഗിക വിജ്ഞാപനം പുറത്തുവന്ന സാഹചര്യത്തിൽ നിയമം പ്രാബല്യത്തിലായിരിക്കുകയാണ് ഇപ്പോൾ. ഉത്തരക്കടലാസുകൾ വികൃതമാക്കുകയോ അവയിൽ കൃത്രിമം കാണിക്കുകയോ ചെയ്യുന്നതിന് കുറഞ്ഞത് മൂന്ന് വർഷം തടവ് ലഭിക്കും. ഇത് അഞ്ച് വർഷം വരെ ദീർഘിപ്പിക്കുകയും പത്ത് ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്യാനാവും.