കൊച്ചിയിൽ വൻ അരിവേട്ട; പിടിച്ചത് നാലരക്കോടി രൂപയുടെ അരി, കടത്ത് വല്ലാർപാടം കണ്ടെയ്‌നർ ടെർമിനൽ വഴി

Share our post

കൊച്ചി: വല്ലാർപാടം കണ്ടെയ്‌നർ ട്രാൻസ്ഷിപ്പ്‌മെന്റ് ടെർമിനൽ വഴി രാജ്യത്തിന് പുറത്തേക്ക് വൻതോതിൽ അരി കടത്താൻ ശ്രമം. ഉപ്പുചാക്കുകൾക്ക് പിന്നിലൊളിപ്പിച്ച് വെള്ളിയാഴ്ച കടത്താൻ ശ്രമിച്ച മൂന്ന് കണ്ടെയ്‌നറുകൾ കസ്റ്റംസ് സംഘം പിടികൂടി. ഒരുമാസത്തിനിടെ 13 കണ്ടെയ്‌നർ അരിയാണ് ഇതുപോലെ പിടികൂടിയത്. നാലരക്കോടി രൂപയാണ് പിടികൂടിയ അരിയുടെ മൂല്യം. ചെന്നൈയിൽ നിന്നും കേരളത്തിൽ നിന്നുമുള്ള വ്യാപാരികളാണ് പല ഘട്ടങ്ങളിലായി അരി കടത്താൻ ശ്രമിച്ചത്.

രാജ്യത്തിന് പുറത്തേക്ക് മട്ട അരി മാത്രമാണ് ഇപ്പോൾ ഡ്യൂട്ടി അടച്ച് കയറ്റുമതി ചെയ്യാൻ അനുമതിയുള്ളത്. ബാക്കി എല്ലാത്തിനും കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. അരി കിട്ടാത്ത സാഹചര്യം രാജ്യത്ത് ഉണ്ടാവരുതെന്ന കരുതലിലാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന അരി ദുബായ് പോലുള്ള ഇടങ്ങളിലേക്ക് എത്തിക്കുകയാണെങ്കിൽ വ്യാപാരികൾക്ക് മൂന്നിരട്ടിയാണ് ലാഭം കിട്ടുക. ഇതാണ് രാജ്യത്തെ തുറമുഖങ്ങൾ വഴി അരി കടത്താനുള്ള ശ്രമങ്ങൾ നടക്കുന്നത്.

വല്ലാർപാടത്ത് ചെന്നൈയിൽ നിന്നുള്ള വ്യാപാരിയുടെ മൂന്ന് കണ്ടെയ്‌നറുകളാണ് ഉപ്പ് എന്ന ലേബൽ ചെയ്ത് വെള്ളിയാഴ്ച എത്തിയത്. ലണ്ടനിലേക്ക് അയക്കാനുള്ളതായിരുന്നു ഇത്. ഇതിൽ അരിയാണെന്നുള്ള ഇന്റലിജൻസ് റിപ്പോർട്ട് വല്ലാർപാടം ട്രാൻഷിപ്പ്മെന്റിലെ കസ്റ്റംസ് സംഘത്തിന് ലഭിച്ചിരുന്നു. കണ്ടെയ്‌നറുകൾ പരിശോധിച്ചപ്പോൾ ആദ്യത്തെ ചാക്കുകളിലെല്ലാം ഉപ്പായിരുന്നു. ഇതിന് പിന്നിലെ ചാക്കുകൾ പരിശോധിച്ചപ്പോഴാണ് കിലോയ്ക്ക് 160 രൂപ വിലമതിക്കുന്ന ബിരിയാണി അരി ചാക്കുകൾ കണ്ടെത്തിയത്.

കോഴിക്കോട് ആസ്ഥാനമായ ചില വ്യാപാരികൾ സമാനമായി കഴിഞ്ഞമാസം അരി കടത്താൻ ശ്രമിച്ചിരുന്നു. ഇവരുടെ 10 കണ്ടെയ്‌നറുകളാണ് പിടികൂടിയത്. മൂന്നരക്കോടി രൂപ മൂല്യം ഇവയ്ക്കുണ്ട്. രാജ്യത്തിന് പുറത്തേക്ക് കണ്ടെയ്‌നർ എത്തിയാൽ ഒരു കോടി രൂപയുടെ അരിക്ക് മൂന്ന് കോടി രൂപ വരെ വില കിട്ടും. വ്യാപാരിക്ക് രണ്ടു കോടി രൂപ ലാഭമുണ്ടാകും.അരി പിടിച്ച സംഭവത്തിൽ വ്യാപാരികളുടേതുൾപ്പെടെയുള്ള വിവരങ്ങൾ വല്ലാർപാടത്തെ കസ്റ്റംസ് സംഘം കസ്റ്റംസ് ഇന്റലിജൻസ് വിഭാഗത്തിന് കൈമാറും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!