നെയ്യാറ്റിൻകര(തിരുവനന്തപുരം): ജ്യേഷ്ഠനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അനുജനെ ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ച് നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ കോടതി വിധിച്ചു. തമിഴ്‌നാട്, തിരുനെൽവേലി, തെങ്കാശി സ്വദേശിയും മുടവൂർപ്പാറ, പൂങ്കോട്, ബാബ നിവാസിൽ താമസിൽ ശിവനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് അനുജനായ മുടവൂർപ്പാറ, വെട്ടുബലിക്കുളം, പി.പി. 11/15-ൽ മുരുകനെ(46) അഡീഷണൽ ജില്ലാ ജഡ്ജി എ.എം.ബഷീർ ശിക്ഷിച്ചത്. പ്രതി 25000 രൂപ പിഴയുമടയ്ക്കണം.
2018 ജൂൺ 11-ന് രാത്രി 8.15-നാണ് സംഭവം നടന്നത്. ഇരുവരും തെങ്കാശി സ്വദേശികളാണ്. ശിവൻ മരപ്പണിക്കാരനും മുരുകൻ മരംവെട്ടുകാരനുമായിരുന്നു. മുരുകൻ വാടകയ്ക്ക് താമസിച്ചിരുന്ന വെട്ടുബലിക്കുളത്തിൻകരയിലെ വാടകവീട്ടിൽ വെച്ചാണ് കൊലപാതകം നടന്നത്.
മുരുകൻ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് തെങ്കാശി സ്വദേശിയായ സംഗീതയുമൊത്താണ് മുടവൂർപ്പാറ വെട്ടുബലിക്കുളത്തിൻകരയിലെ വാടകവീട്ടിൽ താമസിച്ചിരുന്നത്. ഇവരുടെ അച്ഛൻ സുബ്രഹ്മണ്യം മരിച്ചിരുന്നു. ഇതിനെ തുടർന്ന് തെങ്കാശിയിലുണ്ടായിരുന്ന മുരുകന്റെ മകൻ കാർത്തിക്, ശിവന്റെ മുടവൂർപ്പാറയിലെ വീട്ടിലെത്തി. അപ്പോൾ മുടവൂർപ്പാറയിലാണ് അച്ഛൻ മുരുകനും താമസിക്കുന്നതെന്ന് കാർത്തിക് അറിഞ്ഞു.
തുടർന്ന് അച്ഛനെ കാണിച്ചുതരാനായി കാർത്തിക് ശിവനോട് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ വെട്ടുബലിക്കുളത്തിലെ വീട്ടിൽ ശിവൻ മകൻ വിഷ്ണുവും കാർത്തിക്കുമായി എത്തി. കാർത്തിക്കിനെ കണ്ടതോടെ മുരുകൻ പ്രകോപിതനായി. സഹോദരനായ ശിവനാണ് തന്റെ മകൻ കാർത്തിക്കിനെ ഇവിടെ കൊണ്ടുവന്നതെന്നതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് ഇടയാക്കിയത്.
അടുക്കളയിലുണ്ടായിരുന്ന മരംമുറിക്കാനുപയോഗിക്കുന്ന വെട്ടുകത്തിയെടുത്ത് പുറത്തെത്തിയ മുരുകൻ ശിവന്റെ തലയ്ക്ക് വെട്ടുകയായിരുന്നു. വെട്ടേറ്റ ശിവൻ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിന്നാലെവന്ന് മുതുകിലും കാലിലും വെട്ടി. ശിവൻ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു. കൊലപാതകത്തിന് ശിവന്റെ മകൻ വിഷ്ണുവും മുരുകന്റെ മകൻ കാർത്തിക്കും സാക്ഷികളായിരുന്നു. ഇവരുടെ മൊഴികളാണ് കോടതിയിൽ നിർണായക തെളിവായി മാറിയത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 302 വകുപ്പ് പ്രകാരം ജീവപര്യന്തം കഠിന തടവും 25000 രൂപ പിഴയുമാണ് കോടതി ശിക്ഷിച്ചത്.
കൊല്ലപ്പെട്ട ശിവന്റെ ഭാര്യ ധന്യയ്ക്ക് വിക്ടിം കോമ്പൻസേഷൻ നിയമപ്രകാരം നഷ്ടപരിഹാരം ലഭ്യമാക്കാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് കോടതി നിർദേശിച്ചു. ബാലരാമപുരം പോലീസ് ഇൻസ്‌പെക്ടറായിരുന്ന എസ്.എം.പ്രദീപ്കുമാറാണ് കേസ് അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ പാറശ്ശാല എ.അജികുമാർ ഹാജരായി.