യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം: കരിപ്പൂർ-ജിദ്ദ വിമാനം കണ്ണൂരിലിറക്കി

മട്ടന്നൂർ : യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് കരിപ്പൂർ വിമാന താവളത്തിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം അടിയന്തരമായി കണ്ണൂരിൽ ഇറക്കി. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരിയായ മലപ്പുറത്തെ 28 വയസുകാരിക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്.
രാത്രി 9.45ന് വിമാനം പറന്നുയർന്ന് ഒരു മണിക്കൂറിന് ശേഷം 11.05 ഓടെ കണ്ണൂർ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കുകയായിരുന്നു. വിമാനം ഇറങ്ങുന്നതായി അറിഞ്ഞതോടെ യാത്രക്കാരിക്ക് ശുശ്രൂഷ നല്‍കാൻ കണ്ണൂർ വിമാനത്താവളത്തില്‍ സംവിധാനം ഒരുക്കിയിരുന്നു. പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം യുവതിയെ ആദ്യം മട്ടന്നൂരിലെ സ്വകാര്യ ആസ്പത്രിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യാസ്പത്രിയിലും പ്രവേശിപ്പിച്ചു. രക്തസമ്മർദം വർധിച്ചതാണ് യുവതിക്ക് ദേഹാസ്വാസ്ഥ്യമുണ്ടാകാൻ കാരണം. വിമാന ജീവനക്കാരുടെ ഇടപെടല്‍ കാരണമാണ് യുവതിയുടെ ജീവൻ രക്ഷിക്കാനായത്. യാത്രക്കാരിയെ ഇറക്കിയ ശേഷം വിമാനം ജിദ്ദയിലേക്ക് പുറപ്പെട്ടു.