‘ഡെസ്റ്റിനേഷൻ ചലഞ്ച്’: 39 പഞ്ചായത്തിൽ വിനോദസഞ്ചാര കേന്ദ്രം

Share our post

കണ്ണൂർ : എല്ലാ തദ്ദേശസ്ഥാപന പരിധിയിലും ഒരു വിനോദസഞ്ചാര കേന്ദ്രമെങ്കിലും വികസിപ്പിക്കാൻ സംസ്ഥാന സർക്കാർ ആരംഭിച്ച ‘ഡെസ്റ്റിനേഷൻ ചലഞ്ച്’ വിജയത്തിലേക്ക്. 12 ജില്ലയിലായി 39 പുതിയ വിനോദസഞ്ചാര കേന്ദ്രത്തിന്റെ നിർമാണം അന്തിമഘട്ടത്തിലാണ്. പദ്ധതി നടപ്പാക്കി രണ്ടു വർഷത്തിനുള്ളിൽ ആകെ 36 കോടി രൂപയുടെ പദ്ധതികളാണ് സംസ്ഥാനത്ത് പുരോഗമിക്കുന്നത്. ഈ വർഷം മാത്രം ഒൻപത് കോടിയുടെ ഒൻപത് പദ്ധതിക്ക് അനുമതി ലഭിച്ചു.

വിനോദസഞ്ചാര വകുപ്പും തദ്ദേശസ്ഥാപനങ്ങളും സംയുക്തമായാണ് പദ്ധതിക്ക് ആവശ്യമായ തുക കണ്ടെത്തുന്നത്. ആകെ തുകയുടെ 60 ശതമാനം (പരമാവധി 50 ലക്ഷം രൂപ) ടൂറിസം വകുപ്പ് നൽകും. ബാക്കി തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് തനതു ഫണ്ടിലൂടെയോ സ്പോൺസർഷിപ് വഴിയോ കണ്ടെത്താം. എം.എൽ.എ.മാരുടെ ആസ്‌തി വികസന ഫണ്ടും ഇതിനായി ഉപയോഗിക്കാം. സർക്കാരിൻ്റെ രൂപകൽപ്പനാ നയത്തിൻ്റെ അടിസ്ഥാനത്തിൽ ഉത്തരവാദിത്വ ടൂറിസം മിഷൻ്റെ സഹകരണത്തോടെ ആധുനിക രീതിയിലാണ് വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കുക. ഇതോടെ നാട്ടിൽ അറിയപ്പെടാതെ കിടക്കുന്ന പ്രദേശങ്ങളാണ് വൻ ടൂറിസം കേന്ദ്രങ്ങളായി ഉയരുക. പ്രദേശവാസികളായ ആയിരക്കണക്കിനു പേർക്ക് വരുമാനം ലഭിക്കും.

പദ്ധതിയുടെ നിർവഹണവും നടത്തിപ്പും വരുമാനവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ്. ടൂറിസംവകുപ്പിൻ്റെ ‘ഡെസ്റ്റിനേഷൻ ചലഞ്ച്’ പോർട്ടൽ വഴി തദ്ദേശസ്ഥാപനങ്ങൾക്ക് നേരിട്ട് പദ്ധതിക്കായി അപേക്ഷിക്കാം. ഇതുവരെ ലഭിച്ച 156 അപേക്ഷയിൽ നിന്നാണ് 39 എണ്ണം തെരഞ്ഞെടുത്തത്.

അന്തിമഘട്ടത്തിലെത്തിയ പ്രധാന പദ്ധതികൾ

ഇടുക്കി ചുനയമയ്ക്കൽ വെള്ളച്ചാട്ടം, എറണാകുളം കോടമ്പള്ളി ചിറ, കോട്ടയം പോത്തൻ പ്ലാക്കൽ നക്ഷത്ര ജലോത്സവം, എറണാകുളം മംഗലമ്പുഴ പാർക്ക്, തൃശൂർ മണച്ചാൽ പാർക്ക്, പാലക്കാട് കാരമല പാർക്ക്, വയനാട് മുണ്ടേരി പാർക്ക്, കണ്ണൂർ ഇരിട്ടി ഇക്കോപാർക്ക്, കണ്ണൂർ കുട്ടിപുല്ല് പാർക്ക്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!