പഠനവും മാനസികാരോഗ്യവും പ്രശ്നത്തിലാക്കുന്നു; സ്കൂളുകളിൽ ഫോൺ നിരോധിച്ച് ലോസ് ആഞ്ജലിസ്

ലോസ് ആഞ്ജലിസ്:വിദ്യാര്‍ഥികളുടെ സ്മാര്‍ട്‌ഫോണുകളുടെ ഉപയോഗത്തിന് നമ്മുടെ നാട്ടിലെ സ്‌കൂളുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നിലവിലുണ്ട്. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ പലയിടത്തും അങ്ങനെയല്ല. വിദ്യാര്‍ഥികളുടെ സ്മാര്‍ട്‌ഫോണ്‍ ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങള്‍ തിരിച്ചറിഞ്ഞ് കര്‍ശന നടപടികളുമായി രംഗത്തെത്തിയിരിക്കുകയാണ് ലോസ് ആഞ്ജലിസ് യുണിഫൈഡ് സ്‌കൂള്‍ ഡിസ്ട്രിക്ട് എജുക്കേഷന്‍ ബോര്‍ഡ്. വിദ്യാര്‍ഥികളുടെ സ്മാര്‍ട്‌ഫോണ്‍ ഉപയോഗത്തിന് നിരോധനം പ്രഖ്യാപിച്ചിരിക്കുകയാണ് ബോര്‍ഡ്. 429000 വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടാണ് നിരോധനം. സ്മാര്‍ട്‌ഫോണ്‍ ഉപയോഗം മാനസികാരോഗ്യത്തെ ബാധിക്കുന്നുവെന്നും പഠനനിലവാരം തകര്‍ക്കുന്നുവെന്നുമള്ള കണ്ടെത്തലിനെ തുടര്‍ന്നാണ് ഈ നീക്കം.
വിദ്യാര്‍ഥികളുടെ സെല്‍ഫോണ്‍ ഉപയോഗവും സോഷ്യല്‍ മീഡിയാ ഉപയോഗവും നിരോധിക്കുന്ന നയം 120 ദിവസത്തിനുള്ളില്‍ രൂപീകരിക്കാനുള്ള പ്രമേയമാണ് യുഎസിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ലാ സ്‌കൂള്‍ വിദ്യാഭ്യാസ ബോര്‍ഡ് പാസാക്കിയത്. 2025 ജനുവരി മുതല്‍ പുതിയ നയം നിലവില്‍ വരും.
സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ വിദ്യാര്‍ഥികളുടെ ഉപയോഗം തടയുന്നതിനുള്ള മുന്നറിയിപ്പുകള്‍ പ്രദര്‍ശിപ്പിക്കും.
സ്‌കൂള്‍ സമയങ്ങളില്‍ വിദ്യാര്‍ഥികളുടെ ഫോണുകള്‍ ലോക്കറുകളില്‍ സൂക്ഷിക്കും. കുട്ടികളുടെ പ്രായം, ശാരീരിക പ്രയാസങ്ങള്‍ എന്നിവ പരിഗണിച്ച് ഇതില്‍ ഇളവുകള്‍ നല്‍കും.
വിദ്യാര്‍ഥികളുടെ സോഷ്യല്‍ മീഡിയാ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കാനും ലോസ് ആഞ്ജലിസ് സ്‌കൂള്‍ അധികൃതര്‍ക്ക് പദ്ധതിയുണ്ട്. സ്മാര്‍ട് വാച്ചുകളുടെ ഉപയോഗവും പുതിയ നയങ്ങള്‍ക്ക് കീഴില്‍ വരും.
ലോസ് ആഞ്ജലിസ്നെ കൂടാതെ ഫ്‌ളോറിഡ പോലെ മറ്റ് സ്‌കൂള്‍ വിദ്യാഭ്യാസ ബോര്‍ഡുകളും സ്മാര്‍ട്‌ഫോണുകള്‍ക്ക് നിരോധനം കൊണ്ടുവന്നിട്ടുണ്ട്.