പ്ലസ്‌വൺ മൂന്നാം അലോട്മെന്റ്,വെള്ളിയാഴ്ച വൈകീട്ട് അഞ്ചുവരെ സ്കൂളിൽ ചേരാം

പ്ലസ്‌വൺ മൂന്നാം അലോട്മെന്റ് പ്രകാരം വെള്ളിയാഴ്ച വൈകീട്ട് അഞ്ചുവരെ സ്കൂളിൽ ചേരാം. പുതുതായി അലോട്മെന്റ് ലഭിച്ചവരും രണ്ടാം അലോട്മെന്റിൽ താത്കാലിക പ്രവേശനം നേടിയവരും സമയപരിധിക്കുള്ളിൽ ഫീസടച്ച് സ്ഥിരംപ്രവേശം നേടണം. മൂന്നാം അലോട്മെന്റോടെ ഈ വർഷത്തെ പ്ലസ്‌വൺ പ്രവേശനത്തിന്റെ മുഖ്യഘട്ടം പൂർത്തിയാകുന്നതിനാൽ താത്കാലിക പ്രവേശനത്തിൽ തുടരാൻ അനുമതിയില്ല.
സപ്ലിമെന്ററി അലോട്മെന്റ് ഘട്ടം ജൂലായ് രണ്ടിനു തുടങ്ങും. ഇതുവരെ പ്രവേശനം കിട്ടാത്തവർ സപ്ലിമെന്ററി അലോട്മെന്റിനായി അപേക്ഷ പുതുക്കിനൽകണം. ഓരോ സ്കൂളിലും ഒഴിവുള്ള സീറ്റിന്റെ വിശദാംശം ജൂലായ് രണ്ടിനു ഹയർസെക്കൻഡറി വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. അതു പരിശോധിച്ചുവേണം അപേക്ഷ പുതുക്കുന്നതിനുള്ള ഓപ്ഷൻ നൽകാൻ. സീറ്റൊഴിവുള്ള സ്കൂളിനും വിഷയത്തിനും മാത്രമേ ഓപ്ഷൻ സ്വീകരിക്കൂ. ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്കും അപേക്ഷയിലെ അപാകംമൂലം പ്രവേശനം നിഷേധിക്കപ്പെട്ടവർക്കും സപ്ലിമെന്ററി അലോട്മെന്റിനായി പുതിയ അപേക്ഷ നൽകാം.