ചുവപ്പണിഞ്ഞ്‌ ഗരീബ് രഥ്; പച്ച കോച്ചുകൾ മാറ്റി എൽ.എച്ച്.ബി കോച്ചുകൾ

Share our post

കൊല്ലം : സാധാരണക്കാരുടെ എ.സി കോച്ച്‌ ട്രെയിൻ എന്ന്‌ അറിയപ്പെടുന്ന ഗരീബ് രഥ് എ.സി എക്സ്പ്രസ് ട്രെയിനുകൾ രാജ്യമാകെ ഘട്ടംഘട്ടമായി ചുവപ്പണിയും. ട്രെയിനിന്റെ പച്ച ഐ.സി.എഫ്‌ (ഇന്റഗ്രൽ കോച്ച്‌ ഫാക്ടറി) കോച്ചുകൾമാറ്റി പകരം ചുവപ്പ്‌ എൽ.എച്ച്.ബി (ലിങ്ക്‌ ഹോബ്‌സ്‌മാൻ ബുഷ്‌) ത്രീ ടയർ എസി ഇക്കണോമി ക്ലാസ് കോച്ചുകൾ ഏർപ്പെടുത്താൻ റെയിൽവേ ബോർഡ്‌ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ കേരളം വഴി സർവീസ് നടത്തുന്ന 12257/58 യശ്വന്ത്പുർ– കൊച്ചുവേളി എക്സ്പ്രസിൽ പൂർണമായും ചുവപ്പ്‌ എൽ.എച്ച്.ബി കോച്ചുകളായി. രണ്ട് ട്രെയിനിലും 18 എൽ.എച്ച്.ബി എസി കോച്ചുകൾ വീതമാണുള്ളത്‌. ടിക്കറ്റ് നിരക്കിൽ മാറ്റമില്ല.

കൊച്ചുവേളിയിൽ നിന്ന് ലോകമാന്യ തിലക് ടെർമിനലിലേക്കും തിരികെയും മറ്റൊരു ഗരീബ് രഥ് ട്രെയിനും ഓടുന്നുണ്ട്‌. ഇതിൽ കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിനിൽ 23 മുതലും തിരികെയുള്ള സർവീസിൽ 24 മുതലും എൽ.എച്ച്.ബി എ.സി കോച്ചുകൾ ഏർപ്പെടുത്തും. ഇവയിൽ 23 കോച്ച്‌ വീതം ഉണ്ടാകും.

ആധുനികവൽക്കരണത്തിന്റെ ഭാഗമായി ഗരീബ് രഥ് കോച്ചുകളുടെ നിർമാണം ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ മാസങ്ങൾക്കു മുമ്പ് പൂർത്തിയായിരുന്നു. വിവിധ റെയിൽവേ സോണുകളിൽ സർവീസ് നടത്തുന്ന ഗരീബ് രഥ് ട്രെയിനുകളിൽ എൽ.എച്ച്.ബി എ.സി കോച്ചുകൾ ഘട്ടംഘട്ടമായി ഏർപ്പെടുത്താനാണ്‌ തീരുമാനം. ഇതിനായി കൂടുതൽ എൽ.എച്ച്.ബി കോച്ചുകളുടെ നിർമാണം ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ പൂർത്തിയായി. ആദ്യ ഘട്ടത്തിൽ 100 കോച്ചാണ് നിർമിച്ചത്. കൂടുതൽ കോച്ചുകളുടെ നിർമാണം പുരോഗമിക്കുന്നു. സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ദീർഘദൂര എ.സി യാത്ര ലക്ഷ്യമാക്കി 2005-ലാണ് ഗരീബ് രഥ് ട്രെയിനുകൾ ആരംഭിച്ചത്. ഇത് വൻ വിജയവുമായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!