പഠനം മുടങ്ങിയവരെയും തോറ്റവരെയും ഇനി പോലീസ് മാമന്മാര്‍ പഠിപ്പിക്കും

തിരുവനന്തപുരം: കുറ്റവാളികളെ പിടിക്കാനും നിയമപാലനത്തിനും മാത്രമല്ല, കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കി നേര്‍വഴി കാട്ടാനും പോലീസ്. ഹോപ്പ് (Kerala police hope education project) എന്ന പദ്ധതി വഴിയാണ് പോലീസ് കുട്ടികള്‍ക്ക് തുടര്‍ പഠന സൗകര്യം ഒരുക്കുന്നത്. എസ്.എസ്.എല്‍.സി, പ്ലസ്ടു പഠനം പാതിവഴിയില്‍ മുടങ്ങിയവര്‍ക്കും ഇക്കഴിഞ്ഞ പൊതു പരീക്ഷയില്‍ പരാജയപ്പെട്ടവര്‍ക്കും സൗജന്യമായി തുടര്‍ പഠനം സാധ്യമാക്കുന്ന കേരള പൊലീസിന്റെ ‘ഹോപ്പ്’ പദ്ധതിയില്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം.
പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത 18 വയസില്‍ താഴെയുള്ളവര്‍ക്ക് അതതു ജില്ലയിലെ കേന്ദ്രങ്ങളില്‍ സൗജന്യ പരിശീലനം നല്‍കും. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ജൂലൈ 15. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി 9497900200 എന്ന നമ്പരില്‍ ബന്ധപ്പെടാം. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി വിദഗ്ദ്ധരായ അധ്യാപകരുടെ ക്ലാസുകളിലൂടെയും മെന്ററിങ്, മോട്ടിവേഷന്‍ പരിശീലനങ്ങളിലൂടെയും കുട്ടികളെ വിജയത്തിലേക്ക് നയിച്ച പൊലീസിന്റെ ജനപ്രിയ പദ്ധതിയാണ് ഹോപ്പ് എന്നും സംസാഥാന പൊലീസ് മീഡിയ സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വി.പി പ്രമോദ് കുമാര്‍ അറിയിച്ചു.