ന്യൂഡൽഹി : രോഗം ബാധിച്ച് നാൽപ്പത്തിയെട്ട് മണിക്കൂറിൽ മനുഷ്യരുടെ മരണത്തിനുവരെയിടയാക്കുന്ന സ്‌ട്രെപ്‌റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോമെന്ന രോഗം ജപ്പാനിൽ പടരുന്നതായ ബ്ലൂംബർഗ് റിപ്പോർട്ട് ദിവസങ്ങൾക്ക് മുൻപാണ് പുറത്തു വന്നത്. ഈ വർഷം ജൂൺ രണ്ടുവരെ മാത്രം ജപ്പാനിൽ 977 പേരെയാണ് രോഗം ബാധിച്ചത്. 2023ൽ ആകെ റിപ്പോർട്ട് ചെയ്തത് 941 കേസുകളായിരുന്നു. ദ്രുതഗതിയിൽ ആന്തരികാവയവങ്ങളെ ബാധിക്കും എന്നതിനാലാണ് രോഗത്തിന്റെ അനിയന്ത്രിതമായ വ്യാപനം ജപ്പാനെയും മറ്റ് ലോകരാജ്യങ്ങളെയും ഒരു പോലെ ഭയപ്പെടുത്തുന്നത്.
എന്താണ് സ്‌ട്രെപ്‌റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം (എസ്.ടി.എസ്.എസ്)?
മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ എന്നറിപ്പെടുന്ന ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കസ് എന്ന ബാക്ടീരിയ മൂലമാണ് സ്‌ട്രെപ്‌റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം ഉണ്ടാകുന്നത്. സാധാരണയായി മുറിവുകളിലൂടെയാണ് ഈ ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കുക. നീർക്കെട്ടും തൊണ്ടവേദനയുമായാണ് രോഗം പ്രത്യക്ഷമായിത്തുടങ്ങുക. എന്നാൽ ചില സന്ദർഭങ്ങളിൽ ഈ ബാക്ടീരിയകൾക്ക് മനുഷ്യശരീരത്തിലെ കോശങ്ങളെയും രക്തപ്രവാഹത്തെയും ആക്രമിക്കാൻ കഴിയും വിധത്തിലുള്ള ടോക്സിനുകൾ പുറത്ത് വിടാൻ കഴിയും. ഇത് രോഗപ്രതിരോധ സംവിധാനത്തെ തടസ്സപ്പെടുത്തുകയും അവയവങ്ങളുടെ പരാജയം, കോശങ്ങളുടെ നാശം തുടങ്ങി ജീവൻ അപകടപ്പെടുത്തുന്ന സങ്കീർണതകളിലേക്ക് നയിക്കുകയും ചെയ്യും. മരണം തടയാൻ ഉടനടി ചികിത്സ ആവശ്യമാണ്.
രോഗലക്ഷണങ്ങൾ
പനി, വിറയൽ, കഠിനമായ ശരീര വേദന, പേശി വലിവ്, ഛർദ്ദി എന്നിവയൊക്കെയാണ് രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ. ലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോൾത്തന്നെ ചികിത്സിച്ചില്ലെങ്കിൽ ചെറിയ കാലയളവിനുള്ളിൽ (സാധാരണയായി 24 മുതൽ 48 മണിക്കൂറിനുള്ളിൽ) ബാക്ടീരിയയ്ക്ക് രക്തപ്രവാഹത്തിലേക്കും അവയവങ്ങളിലേക്കും പ്രവേശിക്കാൻ കഴിയും. തുടർന്ന് അണുബാധ അതിവേഗം മാരകമാകുന്നു. രോഗം ഗുരുതരമാകുന്നതോടെ താഴ്ന്ന രക്തസമ്മർദ്ദം, വേഗത്തിലുള്ള ഹൃദയമിടിപ്പ്, ശ്വസന ബുദ്ധിമുട്ടുകൾ, വീക്കം തുടങ്ങിയ സങ്കീർണമായ ലക്ഷണങ്ങൾ കണ്ടുതുടങ്ങും.
അപകടസാധ്യത എങ്ങനെ?
30 ശതമാനം മരണനിരക്കാണ് സ്‌ട്രെപ്‌റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോമിനു കണക്കാക്കുന്നത്. ആർക്കു വേണമെങ്കിലും എസ്.ടി.എസ്.എസ് ബാധിക്കാമെങ്കിലും, താഴെപ്പറയുന്നവരിൽ അപകട സാധ്യത കൂടുതലാണ്.
● 50 വയസ്സിനു മുകളിൽ പ്രായമുള്ളവർ.
● രോഗ പ്രതിരോധശേഷി കുറവുള്ളവർ.
● സമീപകാലത്ത് ശസ്ത്രക്രിയക്ക് വിധേയരായവരോ മുറിവേറ്റവരോ ആയവർ.
● പ്രമേഹം, ഹൃദ്രോഗം പോലുള്ള വിട്ടുമാറാത്ത രോഗങ്ങൾ ഉള്ളവർ.
പ്രതിരോധം
● കൃത്യമായി കൈ കഴുകുകയും വ്യക്തി ശുചിത്വം പാലിക്കുകയും ചെയ്യുക.
● ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായ മൂടുക.
● മുറിവുകൾ ഉണ്ടെങ്കിൽ കൃത്യമായി പരിചരിക്കുക.
● അണുബാധയുടെ ഏതെങ്കിലും ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടനടി വൈദ്യസഹായം തേടുക.
● രോഗികളുമായുള്ള സമ്പർക്കം കുറക്കുക.
രോഗനിർണയവും ചികിത്സയും
ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കസ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തുന്നതിനും അവയവങ്ങളുടെ പ്രവർത്തനം വിലയിരുത്തുന്നതിനുമുള്ള രക്ത പരിശോധനകളാണ് സാധാരണയായി രോഗനിർണയത്തിന് സഹായിക്കുന്നത്. ബാക്ടീരിയകളെ ഇല്ലാതാക്കാൻ ആന്റിബയോട്ടിക് തെറാപ്പിയാണ് ആദ്യ ഘട്ടത്തിൽ നടത്തുക. രോഗം ഗുരുതരമാകുന്ന സന്ദർഭങ്ങളിൽ, അണുബാധയുള്ള കോശങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയകളും ആവശ്യമായി വന്നേക്കാം.
നാം സുരക്ഷിതരോ?
എസ്ടിഎസ്എസിന്റെ വ്യാപനം തടയുന്നതിനുള്ള നടപടികൾ കൃത്യമായി നടപ്പാക്കുന്നുണ്ടെന്നാണ് ജപ്പാൻ പുറത്തു വിടുന്ന വിവരം. നിലവിൽ പകർച്ചവ്യാധി ജപ്പാൻ കേന്ദ്രീകരിച്ചാണെങ്കിലും, അന്താരാഷ്ട്ര യാത്രകളും മറ്റും ആഗോള വ്യാപനത്തിനുള്ള സാധ്യത നിലനിർത്തുന്നു. അതിനാൽ പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിയുന്നതിനെക്കുറിച്ചും സമയബന്ധിതമായി വൈദ്യസഹായം തേടുന്നതിനെക്കുറിച്ചും മറ്റു രാജ്യങ്ങളും പൊതുജനങ്ങളെ ബോധവത്കരിക്കേണ്ടത് വളരെ പ്രധാനമാണ്. അതോടൊപ്പം തന്നെ ഏത് ഘട്ടത്തെയും ഫലപ്രദമായി നേരിടാൻ ആരോഗ്യ സംവിധാനങ്ങൾ കാര്യക്ഷമമാക്കുകയും വേണം.